ശബരിമല വിഷയത്തില്‍ ഉപവാസം തുടങ്ങി ഒരാഴ്‌ചയ്‌ക്കുള്ളില്‍ അവസാനിപ്പിച്ചയാളാണ് ചെന്നിത്തലയെന്ന് പി എസ് ശ്രീധരന്‍‌പിള്ള

18

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഉപവാസം തുടങ്ങി ഒരാഴ്‌ചയ്‌ക്കുള്ളില്‍ അവസാനിപ്പിച്ചയാളാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍‌പിള്ള. കൊടി പിടിക്കില്ലെന്നു പറഞ്ഞ് സമരമുഖത്തുനിന്ന് പിന്‍‌മാറിയ മഹാനാണ് അദ്ദേഹം – ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീധരന്‍‌പിള്ള പ്രതിപക്ഷനേതാവിനെതിരെ ആഞ്ഞടിച്ചത്.

സമരമുഖത്തുനിന്ന് ഒളിച്ചോടിയ ചെന്നിത്തല ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുകയാണ്. എന്തായാലും ഇപ്പോള്‍ വൈകി വന്ന വിവേകമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത് – ശ്രീധരന്‍‌പിള്ള കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍‌വലിക്കണമെന്നും ഇക്കാര്യത്തില്‍ എന്‍ എസ് എസിന്‍റേത് ആത്‌മാര്‍ത്ഥമായ നിലപാടാണെന്നും ശ്രീധരന്‍‌പിള്ള അഭിപ്രായപ്പെട്ടു.

നാമജപം നടത്തിയ ആളുകളെ പിടിച്ച്‌ ജാമ്യമില്ലാ വകുപ്പുകളില്‍ പെടുത്തി കേസെടുത്തത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും ഭരണഘടനയുടെയും ദുരുപയോഗമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.ഭരണകക്ഷിയിലെ കൊല്ലത്തുള്ള അഭിഭാഷകനായ ഒരു നേതാവ് ബാര്‍ കൗണ്‍സിലില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ സീനിയര്‍ അഭിഭാഷകനായ ശ്രീധരന്‍പിള്ള സമരം ചെയ്യുന്നുവെന്ന് പറഞ്ഞ് സന്നദ് റദ്ദ് ചെയ്യാന്‍ പരാതി കൊടുത്തു. അത് ഫയലില്‍ സ്വീകരിക്കുകയും എനിക്ക് നോട്ടീസ് വരികയും ചെയ്തു.

NO COMMENTS