ട്രോളിംഗ് നിരോധനം ഒമ്പത് മുതല്‍ ഇന്‍ബോഡ് വള്ളങ്ങളുടെ കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കണം.

137

കണ്ണൂർ : ഇന്‍ബോഡ് വള്ളങ്ങളുടെ കളര്‍ കോഡിംഗ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ശ്രീകണ്ഠന്‍ അറിയിച്ചു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാത്ത തോണികള്‍ കടലില്‍ ഇറക്കരുതെന്നും ബയോമെട്രിക് കാര്‍ഡ് കയ്യില്‍ കരുതണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുമായി മാത്രമേ കടലില്‍ പോകാന്‍ പാടുള്ളൂ. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി, ജിപിഎസ് എന്നിവ നിര്‍ബന്ധമാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ജില്ലയില്‍ 2500 ഓളം ലൈഫ് ജാക്കറ്റുകളാണ് വിതരണത്തിനെത്തിയത്. ഗുണഭോക്തൃ വിഹിതം അടച്ച 1200 ഓളം ഗുണഭോക്താക്കള്‍ക്ക് ഇവ വിതരണം ചെയ്ത് കഴിഞ്ഞു. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ നല്‍കുന്ന തൊഴിലാളികള്‍ക്ക് ശേഷിക്കുന്നവ നല്‍കും.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ പാലിക്കണം. ട്രോളിംഗ് നിരോധന സമയത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെയ് 15 മുതല്‍ മാപ്പിള ബേ കേന്ദ്രീകരിച്ചുള്ള ഫിഷറീസ് കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഒമ്പത് കടല്‍ രക്ഷാ സ്‌ക്വാഡുകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.

കടലില്‍ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അവരുടെ സുരക്ഷയും യാന ഉടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്. ജില്ലയില്‍ ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി മൂന്ന് ബോട്ടുകള്‍ വാടകയ്ക്കെടുക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ തീരങ്ങള്‍ വിട്ട് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരം വിട്ട് പോകാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

മത്സ്യ സമ്പത്ത് ശോഷിച്ച് വരുന്ന പശ്ചാത്തലത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ പിടിക്കാന്‍ പാടില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന വലിപ്പത്തില്‍ കുറഞ്ഞ മത്സ്യങ്ങളെ വളര്‍ച്ച എത്തുന്നതിന് മുമ്പ് പിടിക്കരുത്. ഇതിനായി ഹാര്‍ബറുകളും ലാന്‍ഡിംഗ് ഏരിയകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി ഷൈനി, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS