പൊലീസുകാരുടെ സൗജന്യ യാത്രയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഒന്‍പതിന് സ്വകാര്യ ബസ് സമരം

200

കണ്ണൂര്‍• പൊലീസുകാരുടെ സൗജന്യ യാത്രയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഒന്‍പതിന് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു കണ്ണൂര്‍ ഡിസ്ട്രിക്‌ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. ‘സൗജന്യയാത്ര പാടില്ലെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി നിര്‍ദേശം നല്‍കിയതാണ്. സൗജന്യയാത്ര അനുവദിക്കില്ലെന്ന് മാധ്യമങ്ങള്‍ മുഖേന ബസ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചതുമാണ്. എന്നാല്‍, ഒരാഴ്ചയായി ജില്ലയിലെ പല റൂട്ടുകളിലും നിസാര കാരണം പറഞ്ഞു പൊലീസ് ബസുകള്‍ തടഞ്ഞിടുകയും ജീവനക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭീമമായ സംഖ്യ പിഴയടക്കാന്‍ നിര്‍ബന്ധിക്കുന്നു. രസീത് നല്‍കാതെ, ബസിന്റെ രേഖകള്‍ പിടിച്ചെടുക്കുന്നു.
കഴിഞ്ഞ 22-നു പുലര്‍ച്ചെ സ്വകാര്യ ബസ് ഹൈവെ പൊലീസ് എടക്കാട് പൊലീസ് സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിവിടാന്‍ നിര്‍ബന്ധിക്കുകയും ആയിരം രൂപ പിഴയടക്കണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു. പിഴയടക്കാതിരുന്നതിനെ തുടര്‍ന്ന്, ഒരു മണിക്കൂര്‍ കഴിഞ്ഞാണു ബസ് വിട്ടത്. കഴിഞ്ഞ 25-നും മുപ്പതിനും പരിയാരം പൊലീസ് ബസ് പിടിച്ചിടുകയും ജീവനക്കാരുടെ ലൈസന്‍സും ബസ് രേഖകളും വാങ്ങിവയ്ക്കുകയും ചെയ്തു. ഈമാസം ഒന്നാം തീയതി ഹൈവെ പൊലീസ് തളിപ്പറമ്ബില്‍ വച്ച്‌ ബസ് തടഞ്ഞിടുകയും ബസ് ജീവനക്കാരെ തെറിവിളിക്കുകയും ചെയ്തു. ലഗേജ് കയറ്റി എന്ന് ആരോപിച്ചായിരുന്നു ഇത്. മോട്ടോര്‍വാഹന നിയമത്തിനു വിരുദ്ധമായി ഒരു ലഗേജും ബസില്‍ കയറ്റിയിട്ടില്ല. കെഎസ്‌ആര്‍ടിസി ഉള്‍പെടെയുള്ള ബസുകളില്‍ ലഗേജ് കയറ്റാറുണ്ട്.’ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വി.ജെ.സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍മാരായ കെ.രാജ്കുമാര്‍, എം.വി.വത്സലന്‍ എന്നിവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY