വനിത ജയിലില്‍ നിന്ന് റിമാന്റ് പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

122

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് രണ്ട് റിമാന്റ് പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. രണ്ട് താല്‍ക്കാലിക വാര്‍ഡര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. തടവുകാരെ നിരീക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ‌നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ജയില്‍ ഡിഐജി തയാറാക്കിയ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനാണു കൈമാറിയത്.

സംസ്ഥാനത്ത് ഇതാദ്യമായാണ് നഗരമധ്യത്തിലെ വനിതാ ജയിലില്‍ നിന്നും തടവുകാരികള്‍ പട്ടാപ്പകല്‍ രക്ഷപെടുന്നത്. വര്‍ക്കല സ്വദേശിയായ മോഷണക്കേസ് പ്രതി സന്ധ്യയും കല്ലറ പാങ്ങോട് സ്വദേശിയും തട്ടിപ്പ് കേസ് പ്രതിയുമായ ശില്‍പ്പയുമായി ജയില്‍ ചാടിയത്. ജയില്‍ വളപ്പിന്റെ പിന്‍വശത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് ചുറ്റുമതിലിന് അല്‍പം ഉയരക്കുറവുണ്ട്. അതുവ ഴിയായിരിക്കാം ചാടിയതെന്നാണ് കരുതുന്നത്.ജയില്‍ ചാടുന്നതിനായി ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതായി യുവതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മോഷണ തട്ടിപ്പ് കേസുകളില്‍ പ്രതികളായി പോലീസ് പിടികൂടിയതോടെയാണ് സന്ധ്യയും ശില്‍പയും അട്ടക്കുളങ്ങരയിലെ വനിത ജയിലിലെത്തുന്നത്. അഭിഭാഷകനുമായി സംസാരിക്കവേ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മനസിലായതോടെയാണ് രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞു.

അട്ടക്കുളങ്ങരജയില്‍ മതിലില്‍ കയറി റോഡിലേക്ക് ചാടിയ ഇവര്‍ അതുവഴി വന്ന ഓട്ടോറിക്ഷ കൈകാണിച്ച്‌ നിര്‍ത്തി. അതില്‍ കയറി എസ്‌എടി ആശുപത്രിയിലെത്തി. കൈവശം പണമില്ലാതിരുന്ന ഇവര്‍ പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ആട്ടോക്കാരനെ പറ്റിച്ച്‌ മുങ്ങി. തിരിച്ചറിയാതിരിക്കാന്‍രോഗികളുടെ വസ്ത്രങ്ങള്‍ കൈക്കലാക്കി ഡ്രസ് മാറി.

നഗരത്തിലെത്തി ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചു. രാത്രിയില്‍ ബസില്‍ പാരിപ്പള്ളി വഴി വര്‍ക്കലയിലെത്തിയ ഇവര്‍ വീടിന്റെ ടെറസില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ അവിടെ നിന്ന് ഓട്ടോയില്‍ കയറി. സംശയം തോനോനിയ ഓട്ടോ ഡ്രൈവറാണ് പോലീസില്‍ അറിയിച്ചത്.

NO COMMENTS