പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

139

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്തും. സത്യപ്രതിജ്ഞയ്ക്ക് ശേഷം നരേന്ദ്ര മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്. വെള്ളിയാഴ്ച വൈകിട്ടോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നുണ്ട്. തുടര്‍ന്ന് ബിജെപി പൊതുയോഗത്തിലും മോദി പങ്കെടുക്കും. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച പുലര്‍ച്ചെ ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് പുറപ്പെടും.

ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 10 മണിയോടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്.
തുലാഭാരം, കളഭച്ചാര്‍ത്ത് തുടങ്ങിയ വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്താനാണ് തീരുമാനം. ഒരു ഉരുളി നെയ്യ് വഴിപാടായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാട് നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശം പ്രമാണിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബിജെപി പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ പൊതുയോഗമാണിത്. പ്രധാനമന്ത്രി ശബരിമലയിലും സന്ദര്‍ശനം നടത്തണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നതായാണ് സൂചന.

ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. സന്ദര്‍ശനം പ്രമാണിച്ച്‌ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ ലോഡ്ജുകളിലും മറ്റുമായി മുറിയെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും സംശയാസ്പദായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുകയും ചെയ്യണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി അവസാനമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

NO COMMENTS