ഹോട്ടലുകളില്‍ വില ഗുണനിലവാര പട്ടിക; നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യോപദേശക സമിതി യോഗം

203

കോഴിക്കോട് : ജില്ലയിലെ ഹോട്ടലുകളില്‍ വില ഗുണനിലവാര പട്ടിക പ്രദര്‍ശിപ്പിക്കുന്ന നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യോപദേശക സമിതി യോഗം. വിലനിലവാര ഏകീകരണ നിയമം നടപ്പിലാക്കുന്നതിനായി ഭക്ഷ്യോപദേശക സമിതിയുടെ പ്രമേയം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. റേഷന്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ കാര്യക്ഷമമായി തുടരുന്നുണ്ടെന്നും 14 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ പ്രളയത്തില്‍ നശിച്ചെങ്കിലും ഓണം കഴിഞ്ഞ് ഒരു മാസത്തേക്ക് കൂടെയുള്ള സ്റ്റോക്ക് 90ശതമാനം റേഷന്‍ കടകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ.ഡി.എം രോഷ്നി നാരായണന്‍ അധ്യക്ഷത വഹിച്ചു.

ഹോട്ടലുകള്‍, ഭക്ഷ്യോത്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, അളവ് തൂക്ക ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡ് ശക്തമായ റെയ്ഡ് നടത്തുന്നുണ്ട്. നാല് താലൂക്കുകളിലും, കോര്‍പറേഷന്‍ പരിധിയിലുമായി അഞ്ച് സ്‌ക്വാഡുകളും ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും സംസ്ഥാന തലത്തില്‍ ഒരു സ്‌ക്വാഡുമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. എല്‍.പി.ജി ഗ്യാസ് വിതരണം ചെയ്യുമ്പോള്‍ അധികം തുക ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗ്യാസ് കൊണ്ടു പോവുന്ന വണ്ടികളില്‍ ഗ്യാസ് തൂക്കുന്നതിനുള്ള ഉപകരണം സൂക്ഷിക്കാനും ഉടമകളുടെ ആവശ്യാനുസരണം തൂക്കി നല്‍കാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാങ്കാവ് സപ്ലൈകോയിലെ തീപ്പിടിത്തം സംബന്ധിച്ച് അംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ സപ്ലൈകോയുടെ ശ്രദ്ധയില്‍പ്പെടുത്തും.

ഒരേ വീട്ടില്‍ കൂടുതല്‍ കുടുംബങ്ങളുണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന ആവശ്യവും യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ചുള്ള അപേക്ഷ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ജില്ലയില്‍ പാല്‍, ഐസ്, മീന്‍, പപ്പടം എന്നിവയുടെ ഗുണനിലാവര പരിശോധന നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പാലുകളില്‍ മായം ചേര്‍ക്കുന്നുണ്ടന്ന പരാതിയെ തുടര്‍ന്ന് 24 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. എന്നാല്‍ ഇവയില്‍ മായം കലര്‍ന്നതായി കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്ന് വകുപ്പ് അറിയിച്ചു. സെന്‍ട്രല്‍ മീന്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന മത്സ്യത്തില്‍ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്താനും പരിശോധനയില്‍ സാധിച്ചില്ല. മായം കലര്‍ന്ന വെളിച്ചെണ്ണ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്ത കുറ്റത്തിന് പിഴ ഈടാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ പര്‍പസ് ലാബുകള്‍ സ്ഥാപിക്കുന്ന മുറക്ക് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സാധിക്കും. ഓണത്തോടനുബന്ധിച്ച് കൂടുതല്‍ വകുപ്പുകളെ എകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ബേപ്പൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ഡോ.ജോസഫ് കുര്യാക്കോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS