കശ്മീരിലെ സ്ഥിതിയില്‍ ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി

201

ശ്രീനഗര്‍: കശ്മീരിലെ സ്ഥിതിയില്‍ ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തെയാണ് അദ്ദേഹം തന്റെ ഉത്കണ്ഠ അറിയിച്ചത്. സൈനിക നടപടിയല്ല രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് വിഘടനവാദികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തണമെന്ന് ഉത്തരമേഖല സൈനികകമാന്‍ഡര്‍ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ 43 ദിവസമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് പിഡിപി, സിപിഎം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.. ചര്‍ച്ചകളെക്കുറിച്ച് സൈനികനേതൃത്വമാണ് സംസാരിക്കുന്നത്.
വിഘടനവാദികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തണമെന്ന് ഉത്തരമേഖല സൈനിക കമാന്‍ഡര്‍ ലഫ് ജനറല്‍ ഡി എസ് ഹൂഡയാണ് ആവശ്യപ്പെട്ടത്. എല്ലാവരുമായും ചര്‍ച്ച ചെയ്താണ് പ്രശ്‌നപരിഹാരമുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ശ്രീനഗറിലെ അധ്യാപകന്‍ മരിച്ചത് സൈനികരുടെ മര്‍ദ്ദനം മൂലമാണെന്ന് കമാന്‍ഡര്‍ സമ്മതിച്ചു. ശ്രീനഗറിലെ അമര്‍സിംഗ് കോളേജിലെ അദ്ധ്യാപകനായ ഷമീര്‍ അഹമ്മദ് മങ്കു സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ സംസ്ഥാനത്ത് മൊബൈല്‍ ഫോണിനേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി,

NO COMMENTS

LEAVE A REPLY