ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്കയെന്ന് രാഷ്ട്രപതി

224

ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ പിന്തുണ നല്‍കുന്ന ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം വേണമെന്ന് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പ്രവാസികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് തയ്യാറാകണമെന്നും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും പറഞ്ഞാണ് രാഷ്‌ട്രപതി പ്രണബ് മുഖ‍ര്‍ജി പതിനാലാമത് പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗള്‍ഫിലെ സാധാരണക്കായ പ്രവാസികളിപ്പോഴും തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് പരിഹക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ ബഹ്റിനിലെ വ്യവസായി രാജശേഖരന്‍ പിള്ള, അബുദാബിയിലെ സാമൂഹ്യ സേവന രംഗത്ത് സജീവമായ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍, പാലക്കാട് വേരുകളുള്ള തമിഴ്നാട് സ്വദേശിയായ ദോഹ ബാങ്ക് മേധാവി സീതാരാമന്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പത് പേര്‍‍ക്ക് രാഷ്‌ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ സൗദി മാതൃകയില്‍ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്നും മനുഷ്യക്കടത്ത് തടയുന്നതിന് ഗള്‍ഫ് രാജ്യങ്ങളുമായി ധാരണാപത്രം വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY