അന്‍റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറലാകും

178

ന്യൂയോര്‍ക്ക്: പോർച്ചുഗൽ മുൻ പ്രധാനമന്ത്രി അന്‍റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. യുഎൻ രക്ഷാസമിതിയിൽ നടന്ന അനൗദ്യോഗിക വോട്ടെടുപ്പിൽ അദ്ദേഹത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തിലാണിത്.
ഐക്യരാഷ്ട്രസഭയുടെ നായകനെ നിശ്ചയിക്കുന്നതിൽ അഭിപ്രായ ഐക്യം വേണമെന്നുള്ള കീഴ്വഴക്കം കൊണ്ടാണ് യഥാർത്ഥ തെരഞ്ഞെടുപ്പിന് മുന്‍പ് സമവായത്തിനായി അനൗദ്യോഗിക വോട്ടെടുപ്പുകൾ നടക്കുക. ആറാം വട്ട അനൗദ്യോഗിക വോട്ടെടുപ്പിൽ അന്‍റോണിയോ ഗുട്ടറെസ് വ്യക്തമായ മുൻതൂക്കം നേടി.
അഞ്ച് സ്ഥിരാംഗരാഷ്ട്രങ്ങളും അദ്ദേഹത്തെ അംഗീകരിച്ച് വോട്ട് ചെയ്തു. ഇതോടെ ബാൻ കി മൂണിന്‍റെ പിൻഗാമിയായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി തലവനായിരുന്ന ഈ അറുപത്തിയേഴുകാരൻ തന്നെ എത്തുമെന്നുറപ്പ്. വീറ്റോ സാധ്യത ഇല്ലാത്തതുകൊണ്ട് ഇനി പൊതുസഭയുടെ അംഗീകാരം കൂടി നേടുക എന്ന ഔപചാരിക നടപടിക്രമം മാത്രമേ ബാക്കിയുള്ളൂ. ഈ വർഷം അവസാനമാണ് സെക്രട്ടറി ജനറൽ എന്ന നിലയിൽ ബാൻ കിമൂണിന്‍റെ കാലാവധി അവസാനിക്കുക.
ആഗോള ദേശരാഷ്ട്ര തർക്കങ്ങളിൽ എന്നും സമാധാനത്തിന്‍റേയും സമവായത്തിന്‍റേയും വഴിതേടിയ അന്‍റോണിയോ ഗുട്ടറെസ് പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം എക്കാലവും പക്ഷം ചേർന്ന ലോകനേതാവാണ്.
പടിഞ്ഞാറൻ തിമൂറിന്‍റെയും മക്കാവു ദ്വീപിന്‍റേയും കോളനിവാഴ്ചയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ മുതൽ യൂറോപ്പ് നിലവിൽ നേരിടുന്ന അഭയാർത്ഥി പ്രശ്നം നേരിടുന്നതു വരെയുള്ള വിഷയങ്ങളിൽ പോർച്ചുഗലിന്‍റെ ഈ മുൻ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഒന്പതാമെത്തെ സെക്രട്ടറി ജനറലാവും അന്‍റോണിയോ ഗുട്ടറെസ്.

NO COMMENTS

LEAVE A REPLY