നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയമാക്കും

315

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനം. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനില്‍കുമാര്‍ ഒളിവില്‍ പോകുന്നതിന് മുന്‍പ് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ഇതു ശരിവയ്ക്കുന്ന ചില തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ പോലീസ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പ്രധാന തെളിവുകളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് പോലീസ്. കേസിന് ബലം നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് പോലീസിന്റെ വിശ്വാസം. പോലീസ് രണ്ടു തവണ അഭിഭാഷകനെ ചോദ്യം ചെയ്യുകയും വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. സുനില്‍കുമാറിന്റെ വസ്ത്രങ്ങളും ബാഗും മാത്രമാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. മൊബൈല്‍ ഫോണ്‍ എവിടെയാണെന്നത് സംബന്ധിച്ച് സുനില്‍കുമാറും മൊഴിമാറ്റിപ്പറയുന്നത് പോലീസിനെ കുറച്ച് കുഴക്കിയിരുന്നു. ഒരു ഓടയില്‍ മൊബൈല്‍ ഉപേക്ഷിച്ചുവെന്ന് ആദ്യം പറഞ്ഞ സുനില്‍കുമാര്‍ പിന്നീട് ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞതായി മൊഴി നല്‍കി. ഇവിടെയെല്ലാം പോലീസ് തെരച്ചിലും നടത്തിയിരുന്നു. മൊബൈലില്‍ നിന്നും മെമ്മറി കാര്‍ഡ് മറ്റൊരു മൊബൈലിലേക്ക് പകര്‍ത്തിയതായും പോലീസിന് സൂചന ലഭിച്ചു. സുനില്‍കുമാറിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണിത്.

NO COMMENTS

LEAVE A REPLY