കാവ്യയുടെ അമ്മയെയും ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും

224

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍. നടന്‍ ദിലീപ്, നടി കാവ്യയുടെ അമ്മ ശ്യാമള, നാദിര്‍ഷ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട ചില ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. ഈ മൂന്നുപേരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം മുന്നോട്ടുപോകാന്‍ ഈ മൂന്നുപേരെയും ഉടന്‍ ചോദ്യം ചെയ്തേ മതിയാകു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിച്ചതായാണ് സുനില്‍കുമാറിന്റെ മൊഴി. സ്ഥാപനം കാവ്യയുടേതായിരുന്നെങ്കിലും, കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശ്യാമളയാണെന്ന നിഗമനത്തിലാണിത്. സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞ മാഡം ശ്യാമളയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ 23 മുതല്‍ സംഭവം നടന്ന ഫെബ്രുവരി 17 വരെ മുഖ്യപ്രതി സുനില്‍കുമാര്‍ നാലു വ്യത്യസ്‌ത നമ്പരുകളിലേക്ക് പലപ്പോഴായി വിളിച്ചിട്ടുണ്ട്. സുനില്‍കുമാര്‍ വിളിച്ചതിന് പിന്നാലെ ഇതേ നമ്പരുകളിലേക്ക് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണില്‍നിന്ന് വിളി പോയിട്ടുണ്ട്. ഈ വിളികളൊക്കെ എന്തിനുവേണ്ടിയായിരുന്നുവെന്ന് അറിയേണ്ടതുണ്ട്. അന്വേഷണം ശരിയായ ഘട്ടത്തിലാണെന്നും, ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് ഡിജിപി പറഞ്ഞത് ഇതുകൂടി പരിഗണിച്ചാണെന്നാണ് വിവരം. ജയിലില്‍ കഴിഞ്ഞ സമയത്ത് സുനില്‍കുമാര്‍ നാദിര്‍ഷയെ നേരിട്ട് വിളിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എട്ടുതവണയാണ് സുനില്‍കുമാര്‍, നാദിര്‍ഷയെ വിളിച്ചത്. ഇതില്‍ ഒരു കോള്‍ എട്ടു മിനിട്ടോളം നീണ്ടുനിന്നു. സുനില്‍കുമാറിനെ പരിചയമില്ലെന്ന നാദിര്‍ഷയുടെ മൊഴിയിലും വ്യക്തത ആവശ്യമുണ്ട്.