തിരഞ്ഞെടുപ്പിലെ തോൽവി താത്കാലികം – ശബരിമല വിഷയം ബാധിച്ചെങ്കിൽ ബി.ജെ.പിക്കായിരുന്നു ഗുണം – മുഖ്യമന്ത്രി പിണറായി വിജയൻ

167

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവി പ്രതീക്ഷിച്ചില്ലെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയം ബാധിക്കുകയാണെങ്കിൽ ബി.ജെ.പിയാണ് നേട്ടമുണ്ടാക്കേണ്ടതെന്നും എന്നാൽ പത്തനംതിട്ടയിൽ ഉൾപ്പെടെ ബി.ജെ.പി. പിന്നിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ,

എന്നാൽ ബി.ജെ.പി. സ്ഥാനാർഥി പത്തനംതിട്ടയിൽ പിന്നോട്ടുപോയി. പത്തനംതിട്ടയിൽ വിജയിക്കും എന്നായിരുന്നു അവരുടെ അവകാശവാദം. അത് ഉണ്ടായില്ല. പക്ഷേ, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധിയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല. ഏത് സർക്കാരാണെങ്കിലും ചെയ്യേണ്ടകാര്യങ്ങളാണ് സംസ്ഥാന സർക്കാരും ചെയ്തത്- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ മോദിഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസ് ഭരണത്തിന് നേതൃത്വം നൽകാനാകുമെന്ന് ചിന്തിച്ചു. രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്ഠയുള്ള ഇവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. ഇതാണ് യു.ഡി.എഫിന് കൂടുതൽ വോട്ടുകൾ ലഭിക്കാൻ കാരണമായതെന്നും ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായെന്നും രാഹുലിന്റെ സ്ഥാനാർഥിത്വം തെറ്റായ സന്ദേശം നൽകുമെന്ന് ഇടതുപക്ഷം ആദ്യമേ ചൂണ്ടിക്കാണിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോൺഗ്രസ് തകർന്നു. ഈ സംസ്ഥാനങ്ങളിൽ ഭരണത്തിലേറി മാസങ്ങളായിട്ടും വിജയിക്കാനായില്ല. കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും ഇത് പലരും മനസിലാക്കിയില്ല.

തിരഞ്ഞെടുപ്പിലെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും സർക്കാരിന് ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, മുഖ്യമന്ത്രിയുടെ ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് എന്റെ ശൈലി എന്റെ ശൈലിയാണെന്നും അതിൽ മാറ്റമൊന്നും വരുത്തില്ലെന്നും ആർക്കാണ് ധാർഷ്ട്യമെന്നെല്ലാം ജനങ്ങൾക്കറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS