കോഴിക്കോട് ട്രാന്‍സ്ജെന്‍ഡേഴ്സിനെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

274

തിരുവനന്തപുരം: കോഴിക്കോട് കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതിനിധികള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. ദക്ഷിണ മേഖലാ ഐ.ജി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രതിനിധികള്‍ ആക്രമണത്തിനിരയായത്. ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. കലോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സ് പരിശീലനത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിലായിരുന്നു പൊലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറയുന്നു. ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് പരിക്കേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈയ്ക്ക് ഒടിവുമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ കസബ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മര്‍ദ്ദിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങളെപ്പോലുള്ളവര്‍ ജീവിച്ചിരുന്നാല്‍ നാടിന് ആപത്താണെന്ന് പറഞ്ഞാണ് പൊലീസ് തല്ലിയതെന്നും ഇവര്‍ വ്യക്തമാക്കി.

NO COMMENTS