കേരളത്തിൽ പറയാതെ മംഗലാപുരത്ത് പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്നത് മാന്യതയല്ല – മുഖ്യമന്ത്രി പിണറായി വിജയൻ.

233

കൊല്ലം:കേരളത്തിൽ പറയാതെ മംഗലാപുരത്ത് പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്നത് മാന്യത അല്ല എന്നും. ശബരിമലയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പ് ചട്ടം എല്ലാവർക്കും ബാധകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ മാന്യത കാണിക്കാൻ ആർജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെ ഉൾക്കൊള്ളാൻ കഴിയുന്ന സർക്കാരാണ് ഇവിടെയുള്ളത്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണിത്. സുപ്രീംകോടതി വിധി പ്രസ്താവിച്ചാൽ അത് പാലിക്കണമെന്നതാണ് ജനാധിപത്യ മര്യാദ. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്- മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ശബരിമലയെ കലാപഭൂമിയാക്കുകയായിരുന്നു ബി.ജെ.പി.യുടെ ഉദ്ദേശ്യമെന്നും അതിനായി മോദിയുടെ അനുഗ്രഹാശിസുകൾ ഉണ്ടായിരുന്നെന്നും ശബരിമലയിൽ 144 പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് മോദി സർക്കാരാണെന്നും പിണറായി വിജയൻ ആരോപിച്ചു. നിങ്ങൾ വിശ്വാസികളെ ആക്രമിക്കാൻ ക്രിമിനലുകളെ അയച്ചു.

ശബരിമല സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കി. ശബരിമലയെ കലാപഭൂമിയാക്കുക എന്നതായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം. എന്നാൽ ശക്തമായ നടപടികളിലൂടെ സർക്കാർ അത് തടഞ്ഞു. പോലീസുകാരെ വരെ ആക്രമിച്ചു. തികഞ്ഞ സംയമനത്തോടെ പോലീസ് അക്രമികളെ നിയന്ത്രിച്ചു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം- പിണറായി വിശദീകരിച്ചു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-യു.ഡി.എഫ്. അവിശുദ്ധ കൂട്ടുക്കെട്ടുകളുണ്ടെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി ബി.ജെ.പിയിൽ പോകില്ലെന്ന് പരസ്യം ഇറക്കേണ്ടിവന്നത് എന്തൊരു ഗതികേടാണെന്നും ഇത്തവണത്ത തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 18-ലധികം സീറ്റ് നേടുമെന്നും പിണറായി വിജയൻ പറഞ്ഞു.

NO COMMENTS