ആരോപണം നേരിട്ടതിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നത് ശരിയല്ല : പിണറായി

202

തിരുവനന്തപുരം • ഒരാള്‍ ആരോപണം നേരിട്ടതിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം തുടങ്ങുന്ന സമയത്തെ പ്രചാരണം ക്രൂശിക്കലാണെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് അഴിമതി വിരുദ്ധ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തേണ്ടത് വിജിലന്‍സിന്‍റെ ബാധ്യതയാണ്. അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ എന്തോ കിട്ടിയെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ക്രൂശിക്കലാണ്. കഴിഞ്ഞ വര്‍ഷം ഓര്‍ക്കാന്‍ മറന്ന ദിനമാണ് അഴിമതി വിരുദ്ധദിനമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മിക്ക വകുപ്പുകളിലും അഴിമതിയുണ്ടായിരുന്നു. എന്നാല്‍ ആറുമാസത്തനിടെ അഴിമതിയില്‍ കുറവുണ്ടായിയെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് വിജിലന്‍സില്‍ പരാതി നല്‍കാനുള്ള എറൈസിങ് കേരള, വിസില്‍ നൗ എന്നീ മൊബൈല്‍ ആപ്ലികേഷനുകള്‍ മുഖ്യമന്ത്രി പുറത്തിറക്കി. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് വിജിലന്‍സിന്‍റെ ഒരാഴ്ചത്തെ സദ്ഭരണ പരിശീലനം ഉണ്ടാകും. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കായി വിസില്‍ ബ്ലോവര്‍ അവാര്‍ഡും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ രംഗത്തെ അഴിമതി ഇല്ലാതാക്കാനുള്ള എജ്യു വിജില്‍ പദ്ധതി ശക്തമായി മുന്നോട്ടുകൊണ്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY