കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും : പിണറായി വിജയന്‍

160

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂട്ടം ചേര്‍ന്ന് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ആളുകളെ മോചിപ്പിക്കുന്ന രീതി വ്യാപകമാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍വക കക്ഷി യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആയുധ നിര്‍മാണവും ബോംബ് നിര്‍മാണവും കണ്ടെത്താനും തടയാനുമുള്ള നടപടികള്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ആരാധനാലയങ്ങള്‍ ചില പ്രത്യേക സംഘടനകളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്ന പ്രവണതയുണ്ട്. അത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നും ആരാധനാലയങ്ങള്‍ വിശ്വാസികളുടെ കേന്ദ്രമായി തന്നെ നിലനിര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘര്‍ഷത്തിന്‍റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കപ്പെടുന്ന സാഹചര്യം ഉടന്‍ അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തിന് പുറമെ ഉഭയകക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും സംഘര്‍ഷമുണ്ടാകുന്ന കേന്ദ്രങ്ങളില്‍ പ്രാദേശികമായി ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY