റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹത്തിനു തുടക്കം

200

തിരുവനന്തപുരം • കറന്‍സി നോട്ട് നിരോധനം സഹകരണമേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം. റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹത്തിനു തുടക്കമായി. മറ്റു മന്ത്രിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 10 മുതല്‍ 5 വരെയാണ് സത്യഗ്രഹം. രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കാല്‍നടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ വേദിയിലെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണു റിസര്‍വ് ബാങ്കിനു മുന്നിലെ സമരം നിര്‍ദേശിച്ചത്. തുടര്‍ന്നു തലസ്ഥാനത്തുള്ള ഇടതുമുന്നണി നേതാക്കളുടെ അടിയന്തരയോഗം ചേര്‍ന്ന് അത് അംഗീകരിച്ചു. നാളെ മൂന്നു മണിക്ക് വിഷയത്തില്‍ സര്‍വകക്ഷി യോഗവും ചേരും. ആ യോഗത്തില്‍ ഭാവി സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും.