കുട്ടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശിശുദിനാശംസകള്‍

208

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്:

‘ഒരു സമൂഹത്തിന്‍റെ ആത്മാവ് പ്രകാശിപ്പിക്കപ്പെടുന്നത് ആ സമൂഹം കുട്ടികളെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നതിലാണ്’ എന്ന് പറഞ്ഞത് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡണ്ടായിരുന്ന നെല്‍സണ്‍ മണ്ടേലയാണ്. കുട്ടികളെ തന്‍റെ ജീവനു തുല്യം സ്നേഹിച്ച, അവരുടെ ക്ഷേമമാണ് ഒരു നാടിന്‍റെ ഭാവി എന്നു വിശ്വസിച്ച ഒരു ഭരണാധികാരി നമുക്കുമുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബര്‍ 14 കുഞ്ഞുങ്ങളെപ്പറ്റി ചിന്തിക്കാനുള്ള ഒരവസരമായി നമ്മള്‍ കണക്കാക്കുന്നതും അതുകൊണ്ടു തന്നെയാണ്. കുട്ടികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കണമെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ സ്വപ്നം കാണാനുള്ള അവസരം അവര്‍ക്കു ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. 40 ലക്ഷം കുട്ടികള്‍ ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന, ഒരു വലിയ വിഭാഗം കുട്ടികള്‍ വിശപ്പും പോഷകാഹാരക്കുറവും മൂലം കഷ്ടപ്പെടുന്ന, കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ഇന്നും തുടര്‍ക്കഥയാകുന്ന ഒരു രാജ്യത്ത് എങ്ങനെയാണവര്‍ക്ക് നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ സാധിക്കുക. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി കുട്ടികളാണ് ദിനംപ്രതി സംഘര്‍ഷത്തിന്‍റെയും ആക്രമണങ്ങളുടെയും ഇരകളാകുന്നത്. ആത്മവിശ്വാസം നിറഞ്ഞ ഒരു സമീപനം ജീവിതത്തോടു സ്വീകരിക്കാന്‍ അവര്‍ക്ക് എങ്ങനെയാണ് കഴിയുക?

‘കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷന്‍’ ഒരു രാഷ്ട്രം സംരക്ഷിക്കേണ്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്. ഇവ നടപ്പിലാക്കുന്നതില്‍ നമുക്ക് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. സമാധാനപൂര്‍ണവും സൗഹാര്‍ദപരവുമായ ഒരു ജീവിതം കുഞ്ഞുങ്ങള്‍ക്ക് നല്‍കിയാലേ രാജ്യത്തിന്‍റെ സ്വത്തായി അവര്‍ മാറുകയുള്ളൂ. യുദ്ധ ഭീതിയില്‍ നിന്നും ലൈംഗിക ചൂഷണങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ മോചിതരാകേണ്ടതുണ്ട്. പോഷകസമൃദ്ധമായ ആഹാരവും, അടച്ചുറച്ചുള്ള പാര്‍പ്പിടവും, ഗുണമേന്മയുള്ള വിദ്യാഭ്യാസവും, ശുചിത്വമുള്ള ഒരു ജീവിത സാഹചര്യവും അവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ഒരു സാമൂഹ്യ കടമയാണ്. അവര്‍ക്ക് തുല്യനീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. കുട്ടികളുടെ പൂര്‍ണ വികാസം ഉറപ്പുവരുത്താനുള്ള കടമ സര്‍ക്കാരിനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാനതലത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ജാതി-മത-ലിംഗ-വര്‍ഗ-വര്‍ണ-പ്രാദേശിക ഭേദചിന്തകളില്ലാതെ നമ്മുടെ കുട്ടികള്‍ വളരട്ടെ. അത്തരമൊരു തലമുറയുടെ കൈയില്‍ നമ്മുടെ നാടിന്‍റെ ഭാവി സുരക്ഷിതമായിരിക്കുമെന്നുറപ്പുണ്ട്.
ഏവര്‍ക്കും ശിശുദിനാശംസകള്‍