പ്ര​ള​യ​ത്തി​ല്‍ തകർന്ന വീടുകളുടെ പുനർനിർമ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി

184

തി​രു​വ​ന​ന്ത​പു​രം : പ്ര​ള​യ​ത്തി​ല്‍ തകർന്ന വീടുകളുടെ പുനർനിർമ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതും തീരെ വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചു. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഗഡു നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇതിനകം 6,537 കുടുംബങ്ങള്‍ ആദ്യഗഡുവിന് അപേക്ഷിച്ചിട്ടുണ്ട്. ഇവരില്‍ 1,656 പേര്‍ക്ക് ആദ്യഗഡു നല്‍കി. മൊത്തം 16 കോടി രൂപ. മലയോരമേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്‍കുന്നത്. നാലു ലക്ഷം രൂപയില്‍ ബാക്കിയുളള തുക രണ്ടു ഗഡുക്കളായി നല്‍കും. സ്വന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കാന്‍ കലക്ടര്‍മാർക്ക് നിര്‍ദേശം നൽകി.
ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും അപേക്ഷകരുടെ യോഗം വിളിച്ച് വിവിധ പുനര്‍നിര്‍മാണ സാധ്യതകള്‍ വിശദീകരിക്കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.. ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും സഹായകേന്ദ്രങ്ങളും ആരംഭിക്കും.

NO COMMENTS