റബര്‍ കര്‍ഷകരെ കമ്പനികള്‍ വഞ്ചിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി : പിണറായി വിജയന്‍

229

തിരുവനന്തപുരം:സംസ്ഥാനത്തെ ഏതെങ്കിലും കമ്പനികള്‍ റബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചു. പി.സി. ജോര്‍ജിന്‍റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചി കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രീബ്യൂട്ടേഴ്സ് എന്ന കന്പനി വന്‍ നികുതിവെട്ടിപ്പ് നടത്തി സര്‍ക്കാരിനെയും കര്‍ഷകരേയും വഞ്ചിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് വന്‍ ടയറുകന്പനികള്‍ക്ക് വേണ്ടി റബര്‍ നല്‍കുന്നത് ഈ കന്പനിയാണെന്ന് ജോര്‍ജ് അറിയിച്ചു.വന്‍തോതില്‍ കമ്മിഷനും മറ്റും പറ്റുന്ന ഈ കന്പനി നികുതിപോലും നല്‍കുന്നില്ല. ചില രാഷ്ട്രീയക്കാര്‍ മാത്രമാണ് ഈ കന്പനിയിലുള്ളത്. 2009ല്‍ ഇതിലെ ഒരു ഡയറക്ടര്‍ എം.പിയായപ്പോള്‍ സ്വന്തം ഭാര്യയെ ഡയറക്ടറാക്കിയെന്നും ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷകരില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത് റബര്‍ കര്‍ഷകരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ലെങ്കിലും കഴിയുന്നത്ര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് റബര്‍ വിലസ്ഥിരതാപദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ഇതു റബര്‍ സംഭരണപദ്ധതിയില്ല.ബജറ്റില്‍ പദ്ധതിക്കുവേണ്ടി 500 കോടി രൂപയാണ് മാറ്റിയിട്ടുണ്ട്.ഈ മാസം മൂന്നുവരെ ഈ ഫണ്ടില്‍നിന്ന് 284.40 കോടി രൂപ ചെലവാക്കി. 2,28,295 കര്‍ഷകര്‍ക്ക് ഇതുകൊണ്ട് ഗുണമുണ്ടായി. ജൂണില്‍ പദ്ധതിയുടെ ഒന്നാംഘട്ടം അവസാനിക്കുകയും ജൂലൈ ഒന്നുമുതല്‍ രണ്ടാംഘട്ടം ആരംഭിക്കുകയും ചെയ്തു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകരെ രണ്ടാംഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 26 വരെയുള്ള സബ്സിഡികള്‍ നല്‍കിക്കഴിഞ്ഞു. റബര്‍ബോര്‍ഡ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നുണ്ട്. പദ്ധതി കാര്യക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY