വിവരാവകാശ നിയമം അട്ടിമറിക്കില്ലെന്ന് മുഖ്യമന്ത്രി

216

തിരുവനന്തപുരം: വിവരാവകാശ നിയമം അട്ടിമറിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള വ്യാഖ്യനങ്ങള്‍ക്ക് അടിസ്ഥാനമില്ല. തന്റെ വാക്കുകള്‍ വിവരാവകാശ നിയമത്തിന് എതിരല്ല. നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വ്യാഖ്യാനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്ന സിപിഐക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇടതുസര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാല്‍ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചിലകാര്യങ്ങള്‍ നടപ്പാക്കിയ ശേഷമേ പുറത്തറിയിക്കാന്‍ കഴിയൂ. മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ പുറത്തുപറയാനാകൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പിണറായിയുടെ വാക്കുകള്‍ വിവാദമാകുകയും എല്‍.ഡി.എഫിന്റെ ഘടകകക്ഷി കൂടിയായ സി.പി.ഐ തന്നെ ഇതിനെ വിമര്‍ശിച്ച്‌ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. നിങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY