ഹെൽമറ്റ് ധരിച്ചു പെട്രോൾ വാങ്ങുന്നവർക്കു സമ്മാനക്കൂപ്പണുകൾ ഏർപ്പെടുത്തും

233

തിരുവനന്തപുരം ∙ ഹെൽമെറ്റ് ഇല്ലെങ്കില്‍‍ പെട്രോൾ നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി. ആദ്യം ബോധവൽക്കരണം നടത്തുമെന്നും നിയമം അനുസരിക്കാൻ തയാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഹെൽമറ്റ് ധരിച്ചു പെട്രോൾ വാങ്ങുന്നവർക്കു സമ്മാനക്കൂപ്പണുകൾ ഏർപ്പെടുത്തും. പെട്രോൾ പമ്പുകളുമായി സഹകരിച്ചായിരിക്കും കൂപ്പണുകൾ നൽകുക. കൂപ്പണുകൾ നറുക്കെടുത്ത് ആദ്യ സമ്മാനജേതാക്കളായ മൂന്നുപേർക്ക് മൂന്നു ലീറ്റർ പെട്രോൾ വീതവും, രണ്ടാം സ്ഥാനക്കാരായ അഞ്ചുപേർക്ക് ലീറ്റർ പെട്രോൾ വീതവും നൽകും. മൂന്നാം സ്ഥാനക്കാരായ അഞ്ചുപേർക്ക് ഒരു ലീറ്റർ പെട്രോൾ വീതം സമ്മാനമായി നൽകും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇപ്പോൾതന്നെ മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്റെ മാതൃക നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉടൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെൽമറ്റില്ലാതെ വരുന്നവരെ പെട്രോൾ പമ്പിലെ ക്യാമറകൾ ഉപയോഗിച്ചു നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെട്രോൾ കമ്പനികളും പമ്പുടമകളും ഇതിനോടു സഹകരിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. പരമാവധി ബോധവൽക്കരണം നടത്തും. അതിനുശേഷവും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY