ആഗോളതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്‍റെ നയങ്ങളാണെന്ന് പര്‍വേസ് മുഷറഫ്

245

ഇസ്ലാമാബാദ്: ആഗോളതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുഷറഫിന്റെ പ്രസ്താവന.ഉറിയിലെ സൈനിക കേന്ദ്രത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്തുകയും ഇതിന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പാക് പ്രധനമന്ത്രി നവാസ് ഷെരീഫിനെതിരെ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കടുത്ത വിമര്‍ശമാണ് നേരിടേണ്ടിവരുന്നത്.ലോക രാജ്യങ്ങളും പാകിസ്താനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാകിസ്താനിലെ ഭീകരവാദത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് എട്ടില്‍ ആറ് സാര്‍ക്ക് രാജ്യങ്ങളും പിന്‍മാറുകയും ചെയ്തിരുന്നു.ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയത്. ഇതേത്തുടര്‍ന്ന് പാകിസ്താന്‍ ഉച്ചകോടി മാറ്റിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായി.പാക് ദിനപത്രമായ ‘ഡോണി’ന് നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമാണുന്നയിച്ചത്. സര്‍ക്കാര്‍ 3500 കോടി ഡോളര്‍ കടമെടുത്ത് ചെലവഴിച്ചിട്ടും ഒരു വന്‍ പദ്ധതി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതിമുട്ടുകയാണ് -മുഷറഫ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ പാകിസ്താനികളും നവാസ് ഷെരീഫിനെ പോലെയല്ലെന്നും ഷെരീഫിന്റെ പണക്കൊതിയാണ് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നുമാണ് തഹ്രീഖെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.അതേസമയം, ഡോണിന് നല്‍കിയ അഭിമുഖത്തില്‍ പര്‍വേസ് മുഷറഫ് ഇന്ത്യക്ക് നേരെയും ആരാപണമുന്നയിച്ചു. ഇന്ത്യ പാകിസ്താനെ ഭീഷണിപ്പെടുത്തുന്നതില്‍ മാത്രമാണ് ആഭിമുഖ്യം കാണിക്കുന്നതെന്നാണ് മുന്‍ പട്ടാള മേധാവി കൂടിയായ മുഷറഫ് പറഞ്ഞത്.പാകിസ്താന്‍ ഭൂട്ടാന്‍ അല്ലെന്ന് ഇന്ത്യ തിരിച്ചറിയണം. ആക്രമണമുണ്ടാകുമ്ബോഴെല്ലാം പാകിസ്താനെ പ്രതിസ്ഥാനത്തു നിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ രീതി -മുഷറഫ് പറഞ്ഞു.

NO COMMENTS

LEAVE A REPLY