പാറ്റൂര്‍ ഭൂമിയിടപാടു കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം

207

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തി. ഫ്ളാറ്റ് കന്പനിക്ക് വേണ്ടി യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് റവന്യു വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കന്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്. കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കി വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജലവിഭവ വകുപ്പ് ആറ് മാസം ഫയല്‍ പൂഴ്ത്തിയെന്നാണ് എഫ്.ഐ.ആറിലെ പരാമര്‍ശം. പുറന്പോക്കില്‍ നിന്ന് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചത് ജലവിഭവ വകുപ്പിന്‍റെ എതിര്‍പ്പ് മറികടന്നാണെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചെന്നും എഫ്.ഐ.ആര്‍ പറയുന്നു. ഭൂമി പുറന്പോക്കല്ലെന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷന്‍ ഫയലില്‍ കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിക്കുകയും ചെയ്തു. ജല അതോറിറ്റി മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആര്‍. സോമശേഖരന്‍, എസ്. മധു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇ.കെ ഭരത് ഭൂഷനാണ് മൂന്നാം പ്രതി. ഫ്ളാറ്റ് ഉടമ ടി.എസ് അശോകാണ് അഞ്ചാം പ്രതി. ഭൂമിയിടപാടില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

NO COMMENTS

LEAVE A REPLY