വീടും വസ്തുവും തട്ടിയെടുത്ത ശേഷം വയോധികയെ ക്രൂരമായി മര്‍ദിച്ച്‌ പുറത്താക്കി

244

പത്തനംതിട്ട: വീടും വസ്തുവും തട്ടിയെടുത്ത ശേഷം വയോധികയെ ക്രൂരമായി മര്‍ദിച്ച്‌ പുറത്താക്കി. കോന്നി അരുവാപ്പുലം പാറക്കടവില്‍ പടപ്പയ്ക്കല്‍ പൊടിയമ്മ (70)യാണ് ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവരുടെകവിളെല്ല് പൊട്ടുകയും പല്ലുകള്‍ ഒടിയുകയും ചെയ്ത നിലയിലാണ്.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതായി കോന്നി സി.ഐ. ആര്‍. ജോസ് അറിയിച്ചു. കഴിഞ്ഞ 25ന് രാത്രി ഏഴിനാണ് സംഭവം. പൊടിയമ്മയുടെ സഹോദരന്‍ ശ്രീധരന്‍റെ മരുമക്കളായ രജനി, മായ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പറയുന്നു.ഇവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇരുവരും ചേര്‍ന്ന് പൊക്കിയെടുത്ത് ടാര്‍ റോഡില്‍ ഇടുകയായിരുന്നുവെന്നാണ് പൊടിയമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പല തവണ ഇത് ആവര്‍ത്തിച്ചു. ഇതോടെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വാര്‍ന്നു.
സംഗതി കുഴപ്പമാകുമെന്ന് കണ്ട് സമീപവാസികളില്‍ ഒരാളെയും കൂട്ടി പൊടിയമ്മയെ പറഞ്ഞുവിട്ടത്രെ. പരുക്കിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോക്ടര്‍ മറ്റൊരാശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് പെരുവഴിയിലായ പൊടിയമ്മയുടെ അവസ്ഥകണ്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കോന്നി പോലീസ് സ്റ്റേഷനില്‍ കൊണ്ടു വിട്ടു. പോലീസ് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.
പോലീസ് കേസെടുക്കുമെന്ന് അറിഞ്ഞതോടെ മര്‍ദിച്ചവര്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ നേരിട്ടെത്തി പൊടിയമ്മയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെറ്റില്‍ക്കൂനയില്‍ വീണ് മുഖത്ത് പരുക്കേറ്റതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ പൊടിയമ്മയെ ഉപേക്ഷിച്ച്‌ ബന്ധുക്കള്‍ സ്ഥലം വിട്ടു. ഞായറാഴ്ച ഇവര്‍ വീട്ടിലേക്ക് മടങ്ങി. മുറിവുകള്‍ കരിയാത്തതിനാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങി. ഞായറാഴ്ച െവെകിട്ട് വീണ്ടും ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇതോടെ കോന്നി പോലീസ് പൊടിയമ്മയുടെ മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അവിവാഹിതയായ പൊടിയമ്മ 15 വര്‍ഷമായി ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. മൂന്നുമാസം മുന്‍പാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അവിടെ എത്തിയപ്പോഴാണ് വീടും സ്ഥലവും സഹോദരന്‍റ മക്കള്‍ െകെക്കലാക്കിയതായി അറിയുന്നത്. എഴുത്തും വായനയും അറിയാത്ത തന്നെക്കൊണ്ട് 14 വര്‍ഷം മുന്‍പ് ചില പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നു വെന്ന് പൊടിയമ്മ പറയുന്നു.

NO COMMENTS

LEAVE A REPLY