വൃദ്ധയുടെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍

208

പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കാടുപിടിച്ച്‌, ഇടിഞ്ഞു വീഴാറായ വീട് വൃത്തിയാക്കാന്‍ തുനിഞ്ഞ നാട്ടുകാര്‍ കണ്ടത് മൂര്‍ഖന്‍ പാന്പുകളുടെ കാവലില്‍ ചിതലരിച്ച നോട്ടുകെട്ടുകള്‍. പൊട്ടിയതും പൊളിഞ്ഞതും നശിച്ചതുമുള്‍പ്പെടെയുള്ള നോട്ടുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2.50 ലക്ഷം രൂപ. ഇതിന് പുറമേ 10 ഡോളറും വിവിധ കന്പനികളുടെ ഷെയര്‍ ബോണ്ടുകളും സന്പാദ്യത്തിലുണ്ടായിരുന്നു. ഓമല്ലൂര്‍ പൈവള്ളിഭാഗം ഇലവുംകണ്ടത്തില്‍ അന്നമ്മ(90) യുടെ വീട്ടില്‍ നിന്നാണ് ലക്ഷങ്ങളുടെ സന്പാദ്യം കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഒറ്റയ്ക്കാണു താമസം. കാടുകയറി മൂടിയ ഇവരുടെ വീട് പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.നാട്ടുകാര്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടു വൃത്തിയാക്കാനെത്തിയിരുന്നു. ഈ സമയമാണ് വീടിന്‍റെ മൂലയില്‍ അടുക്കിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടത്. നോട്ടുകെട്ടുകള്‍ക്കിടയില്‍ നിധി കാക്കുന്നവരെപ്പോലെ രണ്ടു മൂര്‍ഖന്‍ പാന്പുകളും ഉണ്ടായിരുന്നു. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ വിജയന്‍, വാര്‍ഡ് മെന്പര്‍ ലക്ഷ്മി മനോജ്, അഭിലാഷ്, സാജു കൊച്ചുമണ്ണില്‍ എന്നിവര്‍ ചേര്‍ന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. കണ്ടെടുത്ത 2.50 ലക്ഷം രൂപ എസ്.ബി.ടി ഓമല്ലൂര്‍ ശാഖയിലെ അന്നമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എസ്.ബി.ടിയുടെ വിവിധ ശാഖകളിലായി നാല് അക്കൗണ്ടുകളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ എല്ലാം കൂടി 1.50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. രണ്ടു പെണ്‍മക്കളാണു അന്നമ്മയ്ക്ക്. വിവാഹിതരായ ഇവരോ മറ്റു ബന്ധുക്കളോ അന്നമ്മയെ തിരിഞ്ഞു നോക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. മുന്‍പ് എസ്.ബി.ടിയില്‍ തൂപ്പുകാരിയായിരുന്നു ഇവര്‍. ഭര്‍ത്താവ് പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ജീവനക്കാരനും. അയല്‍ക്കാരുമായോ നാട്ടകാരുമായോ ഇവര്‍ക്ക് അടുപ്പമില്ല. രാവിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകും വൈകിട്ട് തിരിച്ചെത്തും. ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിനും അന്നമ്മയ്ക്ക് ഉത്തരമില്ല. ഇവരെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് ഗീതാ വിജയന്‍ പറഞ്ഞു. എന്നാല്‍, വീട് വിട്ട് താന്‍ എങ്ങോട്ടുമില്ലെന്നാണ് അന്നമ്മയുടെ നിലപാട്.

NO COMMENTS

LEAVE A REPLY