പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും

190

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും. ജമ്മുകശ്മീരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം വൈകിട്ട് ചേരും. കശ്മിരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
പല സുപ്രധാന ബില്ലുകളും പാസാക്കിയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്. ചരക്കു സേവന നികുതി ബില്‍ പതിനഞ്ചു വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വെളിച്ചം കണ്ടു. ഒമ്പത് ഭേദഗതികളോടെ രാജ്യസഭ പാസ്സാക്കിയ ബില്ലിന് പിന്നീട് ലോക്‌സഭയും പച്ചക്കൊടി കാട്ടി. രാജ്യസഭ പാസ്സാക്കിയ മാനസികാരോഗ്യ കരുതല്‍ ബില്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുള്ള ബില്ലും ലോക്‌സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രസവ അവധി മുന്നു മാസത്തില്‍ നിന്ന് ആറു മാസമായി കൂട്ടാനുള്ള ബില്ല് രാജ്യസഭ പാസ്സാക്കിയെങ്കിലും ഇന്ന് ലോക്‌സഭയുടെ അജണ്ടയില്‍ ഇതില്ല. ഇത് പ്രാബല്യത്തില്‍ വരാന്‍ അതിനാല്‍ നവംബറില്‍ ശീതകാല സമ്മേളനം വരെ കാത്തിരിക്കണം. ജമ്മുകശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സര്‍വ്വകക്ഷി യോഗം ചേരുന്നത്. കശ്മീര്‍ താഴ്വരയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കണം എന്നായിരുന്നു രാജ്യസഭ പാസ്സാക്കിയ പ്രമേയം. ഇതിനുള്ള തുടര്‍നടപടികള്‍ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. ദളിതര്‍ക്കെതിരായ അക്രമം, അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ടിലും ഗവര്‍ണ്ണര്‍മാര്‍ നടത്തിയ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളിലും വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച നടന്നു.

NO COMMENTS

LEAVE A REPLY