മാതാപിതാക്കൾ ജീവിതത്തിന്‍റെ സൗഭാഗ്യം ( ഷാജഹാൻ ചൂഴാറ്റുകോട്ട )

490

മാതാപിതാക്കൾ ജീവിതത്തിന്‍റെ സൗഭാഗ്യമാണ് . ആ സ്നേഹസൗഭഗ കൂട്ടുകെട്ട് മനസ്സിനുണ്ടാക്കുന്ന ആനന്ദം മറ്റ് ഏതിനെക്കാളും ഹൃദ്യമാണ്.അവരുടെ സാന്നിദ്ധ്യത്തിൽ നാമനുഭവിക്കുന്ന മനസ്സുഖം മറ്റൊരിടത്തുനിന്നും ലഭ്യമാകാതെ വരുന്നത് അതുകൊണ്ടാണ്.
ഏതൊരു ദാമ്പത്യത്തിന്‍റെയും ആഘോഷമാണ് ഒരു കുഞ്ഞിന്‍റെ ജന്മം. കാലങ്ങൾ കാത്തിരുന്നിട്ടും സ്വന്തമെന്ന് പറയാവുന്ന ഒരു പിഞ്ചോമനയുടെ കൊഞ്ചുന്ന മുഖം കാണാൻ സൗഭാഗ്യം ലഭിക്കാത്തവർക്കേ അതിന്‍റെ വിലയറിയൂ. മക്കളുടെ സാമീപ്യം, വികൃതികൾ ഒരു മാതിവിന്‍റെയും പിതാവിന്‍റെയും ഹൃദയങ്ങളെ കൂട്ടി കെട്ടിയ പോലെയുള്ള അനുഭവമാണ്……കളിയും ചിരിയും നിറഞ്ഞ പിഞ്ചോമനകൾ പലരുടേയും ജീവിതത്തിന്‍റെ ആശാകേന്ദ്രങ്ങളായിതീരുനാനതുപോലും അതുകൊണ്ടാണ്. മക്കൾ മാതാപിതാക്കളുടെ കൈയ്യിലേ കളിമണ്ണാണ്. ആ കളിമണ്ണിനെ ഏത് രൂപത്തിൽ വാർത്തെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്.
മാതാപിതാക്കൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്നവരും നേരും നന്മയും കൈമുതലാക്കുന്നവരുമായി അവരെ മാറ്റിതീർക്കുവാനും, നേരെ തിരിച്ച് അവരെ ചിന്തിപ്പിക്കാനും മാതാപിതാക്കളുടെ സാന്നിധ്യവും ശിക്ഷണവും കൊണ്ട് സാധിക്കുമെന്ന് സാരം.

പെണ്ണിന്നൊരുണ്ണിക്കിടാവിൻ
മുഖശ്രീ
കണ്ണിനു നൽകുന്ന
കൗതുഹലം പോൽ
മണ്ണിനു മേലില്ല, മറ്റൊന്നുമല്ലീ
പൊടിപെണ്ണിനുമുണ്ടാ
അടങ്ങാത്ത ദാഹം
എന്ന് കവി പാടിയ എത്ര യാഥാർത്ഥ്യം.കൊച്ചു പെൺകുട്ടിപോലും ഒരു പാവകുട്ടിയെ⁠⁠യും തോളിലിട്ട് ” അമ്മ ” യാവുന്നത് നാം കാണാറുണ്ടല്ലോ. വേദനയുടെ നീർച്ചുഴികളിലൂടെ പത്തുമാസത്തെ ഗർഭധാരണം,അസഹ്യാനുഭവങ്ങൾക്കൊടുവിൽ പ്രസവം. ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്‍റെ മലമുത്രങ്ങളോടൊപ്പവും സ്നേഹപൂർവമായ കൂട്ടിനിരിക്കൽ, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാകാത്ത അടുപ്പം. ജീവിതകാലം മുഴുവൻ മക്കളെയും ഓർത്ത്കൊണ്ടുള്ള നെടുവീർപ്പുകൾ. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്‍റെ കരച്ചിൽ സഹിക്കാനാവാത്ത ദുർബല മനസ്സ്. ആ മനസ്സിന് പകരം വെക്കാൻ വേറെയെന്തുണ്ട്?