പനിമരണം – പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കളക്ടര്‍ – കാസറഗോഡ്

188

കാസറഗോഡ് : പനി ബാധിച്ച് രണ്ടു കുട്ടികള്‍ പുത്തിഗെ പഞ്ചായത്തില്‍ മരിച്ച സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കഴിഞ്ഞ 22 നാണ് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടികളുടെ മാതാവിനും പനി ബാധിച്ചുണ്ട്. ആവശ്യമെങ്കില്‍ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലോ കോഴിക്കോട് മെഡിക്കല്‍ കോളജിലോ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചുണ്ട്.

കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്താകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഉന്നതതല സംഘം സന്ദര്‍ശിച്ചു

പുത്തിഗെയില്‍ പനി ബാധിച്ച് മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ ഉന്നതതല ആരോഗ്യ സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സത്യ വിരുദ്ധമായ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് പ്രസ്തുത സ്ഥലത്തു കൃത്യമായ നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത പെടുത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരെ
ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധതരം പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ തടയുന്നതിനായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണര്‍ വെള്ളവും കുഴല്‍ കിണര്‍ വെള്ളവും ശുദ്ധികരിച്ചു മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനായി ശുദ്ധികരിച്ച വെള്ളം ഉപയോഗിക്കുകയും ചെയ്യുക. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. ഭക്ഷണം പാചകം ചെയ്യും മുമ്പും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്യനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷ്യവിഷബാധ തടയുന്നതിനായി ഭക്ഷണ ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഉപയോഗിക്കണം.

ജന്തുജന്യ രോഗങ്ങളായ എലിപ്പനി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ വ്യക്തിസുരക്ഷാ മാര്‍്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയുക. മലിനജലത്തില്‍ നിരന്തരമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വരുന്നവര്‍ പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS