പാലാരിവട്ടം പാലം പൊളിക്കും – കേരള സര്‍ക്കാര്‍

166

തിരുവനന്തപുരം: തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്. നിർമ്മാണത്തിന്റെ മേല്‍നോട്ട ചുമതല ഇ ശ്രീധരനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒക്ടോബര്‍ മാസത്തില്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പാലത്തിന്റെ നിര്‍മാണത്തിലെ പൊതുമേല്‍നോട്ടം വഹിക്കണമെന്ന് ഇ ശ്രീധരനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത്നിര്‍മിക്കാനാണ് തീരുമാനം.

ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും വിധത്തിലുള്ള റിപ്പയറിങ്ങുകള്‍ കൊണ്ടോ പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പൂര്‍ണമായി പരിഹരിക്കാനാകില്ലെന്നാണ് വിഷയത്തെ കുറിച്ച്‌ ഇ ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്നും ശ്രീധരന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു കൂട്ടം വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും പാലത്തിന്റെ രൂപകല്‍പനയും നിര്‍മാണവും നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS