ലഫ്.ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പാക്കിസ്ഥാന്‍റെ പുതിയ സൈനിക മേധാവി

222

ഇസ്ലാമാബാദ്• സ്ഥാനമൊഴിയുന്ന പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിനു പകരക്കാരനായി ലഫ്.ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയമിച്ചു. ചൊവ്വാഴ്ച ബജ്വ അധികാരമേറ്റെടുക്കും. അതേസമയം, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായി ലഫ്.ജനറല്‍ സുബൈര്‍ മെഹ്മൂദ് ഹയാത് നിയമിതനായി. ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയശേഷം 69 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലധികവും പട്ടാളഭരണത്തിലായ പാക്കിസ്ഥാനില്‍ ഏറ്റവും കരുത്തനായയാള്‍ പട്ടാളമേധാവിയാണ്. ബജ്വയുടെ നിയമനം പാക്കിസ്ഥാനിലെ പട്ടാളവും സിവിലിയന്‍ ഭരണകൂടവും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായുള്ള പാക്കിസ്ഥാന്റെ വിദേശനയത്തില്‍ വ്യക്തമായ ഇടപെടല്‍ പാക്ക് സൈന്യം നടത്താറുണ്ട്. അതിനാല്‍ ബജ്വയുടെ നിയമനത്തെ ഇന്ത്യയും നിരീക്ഷിക്കുന്നു.