ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹം പാക്ക് സൈനികര്‍ വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍

209

ശ്രീനഗര്‍ • ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹം പാക്ക് സൈനികര്‍ വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യ പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ ആരോപിച്ചു. പാക്ക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ആരെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് നഫീസിന്റെ പ്രതികരണം. അതിര്‍ത്തിയില്‍ എന്തെങ്കിലും രീതിയിലുള്ള പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ പൂര്‍ണസജ്ജമാണ്.

2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ തുടര്‍ച്ചയായി ലംഘിക്കുകയാണ്. കശ്മീരിലെ അതിക്രമങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതെന്നും നഫീസ് സക്കരിയ ആരോപിച്ചു.
അതിനിടെ, ജമ്മു കശ്മീരില്‍ മൂന്നിടത്ത് പാക്കിസ്ഥാന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നു രാവിലെ ഭീംബേര്‍ ഗലി, കൃഷ്ണ ഘാട്ടി, നൗഷറ സെക്ടര്‍ എന്നിവിടങ്ങളിലാണ് പാക്ക് സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഇന്നലെയാണ് രേഖയിലെ മാച്ചല്‍ മേഖലയില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം പാക്ക് സൈനികര്‍ വികൃതമാക്കി അപമാനിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഈയിടെ മൃതദേഹം വികൃതമാക്കി അപമാനിക്കുന്ന രണ്ടാമത്തെ സംഭവമാണു നടന്നതെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം 29നും ഇങ്ങനെ ചെയ്തിരുന്നു. മൃതദേഹം വികൃതമാക്കിയ സംഭവത്തെക്കുറിച്ചു ലെഫ്.ജനറല്‍ ബിപിന്‍ റാവത് ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.