സിന്ധു നദീ ജല കരാര്‍ : പാക്കിസ്ഥാന്‍ ലോകബാങ്കിനെ സമീപിച്ചു

217

ഇസ്ലാമാബാദ് • അന്‍പത്താറു വര്‍ഷം പഴക്കമുള്ള സിന്ധു നദീ ജലവിനിയോഗ കരാറില്‍നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കേ, പാക്കിസ്ഥാന്‍ ലോകബാങ്കിനെ സമീപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജലം പങ്കുവയ്ക്കലിനു മധ്യസ്ഥത വഹിച്ച ലോകബാങ്കിനെ പാക്ക് അറ്റോര്‍ണി ജനറല്‍ അസ്തര്‍ ഔസാഫ് അലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘമാണു സമീപിച്ചത്.വാഷിങ്ടണ്‍ ഡിസിയിലെ ലോകബാങ്ക് ആസ്ഥാനത്തെത്തിയ പാക്ക് സംഘത്തിന്, ചുമതലകള്‍ നിഷ്പക്ഷമായി നിര്‍വഹിക്കുമെന്നു ലോകബാങ്കിന്റെ ഉറപ്പു ലഭിച്ചതായാണു സൂചന.കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടിവരുമെന്നു പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.കരാര്‍ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന സ്ഥിരം കമ്മിഷന്റെ യോഗത്തില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.