അവിശ്വാസ പ്രമേയം പാസ്സായി ; പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്ത്

25

അവിശ്വാസം വിജയിച്ച് വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി ഇമ്രാൻഖാൻ. സുപ്രീംകോടതി നിർദേശപ്രകാരം ശനി പകൽ 10.30ന് ചേർന്ന സഭ ഒരു ദിവസംനീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ അർധരാത്രിയിലാണ് അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിലേക്ക് കടന്നത്.

രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച ഉന്നയിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാളയത്തിൽനിന്നും ആളുകൂടിയതോടെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ വീണത്. 342 അംഗ ദേശീയ അസംബ്ലിയിൽ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. അവിശ്വാസം മറികടക്കാനാകില്ലെന്ന് മനസ്സിലാക്കി വോട്ടെടുപ്പ് അനുവദിക്കാതെ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇമ്രാന്റെ രാഷ്ട്രീയ ഗൂഗ്ലി സുപ്രീംകോടതിയുടെ പ്രതിരോധത്തിലാണ് തകർന്നത്.

അസംബ്ലി പിരിച്ചുവിട്ടത് റദ്ദാക്കിയ കോടതി ശനിയാഴ്ച സഭചേരാൻ ഉത്തരവിട്ടു. ഇമ്രാൻ വീണതോടെ, പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താൻ ഇമ്രാൻഖാനുമായില്ല.

NO COMMENTS