ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് പി.ആര്‍.ശ്രീജേഷ്

156

ബെംഗളൂരു• അടുത്ത മാസം മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് മലയാളി ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷ്. പ്രേഷകര്‍ക്ക് ഒരുപാട് ആവേശം പകരുന്നതാണ് പാക്കിസ്ഥാനെതിരെയുള്ള ഓരോ മല്‍സരവും. വിജയത്തിനായി നൂറുശതമാനവും നല്‍കും. തോറ്റുകൊണ്ട് സൈനികരെ ദുഃഖിപ്പിക്കാനില്ല. പ്രത്യേകിച്ചും അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ. അവര്‍ക്കായി മല്‍സരം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രീജേഷ് പറഞ്ഞു.നിലവില്‍ പാക്ക് ഹോക്കി ടീമിന്റെ കളി അത്ര മികച്ചതല്ല. എന്നാല്‍ അവരുടെ മാനസികനില വളരെ ശക്തമാണ്. ഏതൊരു ടീമിനെയും എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടുത്താന്‍ അവര്‍ക്കു സാധിക്കും.അവരുടെ പ്രത്യേകതയാണതെന്നും ശ്രീജേഷ് പറഞ്ഞു. വലിയ ടീമുകളുമായിട്ടാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നത്. പാക്കിസ്ഥാനേക്കാളും മികച്ച ഫോമിലുമാണ് ഇന്ത്യ. ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്സിലേക്ക് യോഗ്യത നേടാന്‍ അവര്‍ക്കു സാധിക്കാതിരുന്നതെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
അടുത്തമാസം 20 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 23നാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മല്‍സരം.