മലപ്പുറം • സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്ഫോടനം സംബന്ധിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. തീവ്രവാദവും ബോംബ് സ്ഫോടനവും കേന്ദ്ര എജന്‍സികളുള്‍പ്പെടെ ആര് അന്വേഷിക്കുന്നതിലും കുഴപ്പമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അവരുടെ ആത്മവീര്യം തകര്‍ക്കാന്‍ താന്‍ തയാറാല്ല.
കൊല്ലം കലക്ടറേറ്റിലെ സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം പോരാ എന്ന അഭിപ്രായം ഇത്തവണയെങ്കിലും പൊലീസ് മാറ്റിയെടുത്തില്ലെങ്കില്‍ അത് അവര്‍ക്ക് ‘ബ്ലാക്ക് മാര്‍ക്ക്’ ആകും. ജനങ്ങള്‍ സമാധാനത്തോടെ, സൗഹാര്‍ദത്തോടെ കഴിയുന്ന സംസ്ഥാനത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാനേ പാടില്ല. മത സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ സംഘടനകളുമായി ചേര്‍ന്ന് ക്യാംപെയിന്‍ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.