നോട്ട് അസാധുവാക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കില്‍ രാജിവച്ചേനെയെന്ന് പി.ചിദംബരം

162

നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കാന്‍ തനിക്കുമേലാണ് സമ്മര്‍ദം ചെലുത്തുന്നതെങ്കില്‍ താന്‍ ധനമന്ത്രി സ്ഥാനം രാജിവച്ചേനെയെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ എന്റെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നെങ്കില്‍ ആദ്യം ഞാന്‍ എതിര്‍ക്കുമായിരുന്നു. തുടര്‍ന്നും സമ്മര്‍ദം ചെലുത്തിയാല്‍ രാജിവയ്ക്കുന്നതിനും തയാറാകുമായിരുന്നു – ചിദംബരം പറഞ്ഞു. ‘സമ്ബദ്‍വ്യവസ്ഥയുടെ ഇപ്പോഴത്തെ സ്ഥിതി’യെന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കവേ മാധ്യമങ്ങളോടായാണ് അദ്ദേഹത്തിന്റെ പ്രതികരണം. നോട്ട് അസാധുവാക്കലും പെട്ടെന്നുള്ള ജിഎസ്ടി നടപ്പാക്കലുമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അബദ്ധങ്ങള്‍. നോട്ട് അസാധുവാക്കല്‍ വളരെ മോശം ആശയമായിരുന്നു. ജിഎസ്ടി നല്ല പദ്ധതിയായിരുന്നെങ്കില്‍ അതിന്റെ നടപ്പാക്കല്‍ എടുത്തുചാട്ടമായിരുന്നു. കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടെയും വേണമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ മോഹപദ്ധതിയായ അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ അത്ര പ്രധാന്യം അര്‍ഹിക്കുന്ന ഒന്നല്ല. ട്രെയിനുകളിലെ സുരക്ഷ, ശുചിത്വം എന്നിവയും കൂടുതല്‍ നല്ല കംപാര്‍ട്ട്മെന്റുകളും സ്റ്റേഷനുകളും അനുവദിക്കുക, സിഗ്നലിങ് സിസ്റ്റം മെച്ചപ്പെടുത്തുക, സബേര്‍ബന്‍ ഗതാഗതം മെച്ചപ്പെടുത്തുക എന്നിവയുമാണ് പ്രധാന്യം അര്‍ഹിക്കുന്നവ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയായാല്‍ അതിന്റെ ഉപയോഗം അറുന്നൂറു പേര്‍ക്കു പോലും ലഭിക്കില്ല. ഇതിനായി ജപ്പാനില്‍നിന്ന് വലിയ തുക കേന്ദ്രം കടമെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാരിന് ഈ പണം ഉപയോഗിക്കാം. ഇപ്പോഴല്ല, പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പ്രധാന്യം വര്‍ധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS