പോത്തന്‍കോട് ബ്ലോക്ക് തല ആരോഗ്യമേള സംഘടിപ്പിച്ചു

29

പൊതുജനാരോഗ്യ സംവിധാനത്തിലെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ആരോഗ്യ അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങ ളുമായി പോത്തന്‍കോട് ബ്ലോക്ക് തല ആരോഗ്യമേള സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരിപ്രസാദ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് പ്രഥമപരിഗണന നല്‍കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്നും, 60 വയസ്സ് കഴിഞ്ഞ പ്രമേഹ രോഗികള്‍ക്ക് ബ്ലോക്കിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഇന്‍സുലിന്‍ നല്‍കുന്ന ‘വായോമധുരം’ പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൗമാരക്കാരിലെ വിളര്‍ച്ച പരിഹരിക്കാനും ഫസ്റ്റ് ചെക്ക് ക്യാന്‍സര്‍ നിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കുമായി വിപുലമായ പദ്ധതികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസന്ദേശം പ്രചരിപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രയോടെ ആരംഭിച്ച മേളയില്‍, പൊതുജനാരോഗ്യ മേഖലയില്‍ കുടുംബശ്രീ, ഐ. സി. ഡി. എസ് പ്രവര്‍ത്തകര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, സിദ്ധ, അലോപ്പതി, ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പ് ,ക്വിസ് പരിപാടി, കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നീ പരിപാടികളും നടന്നു. ആശ പ്രവര്‍ത്തകരുടെയും നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അന്‍സാരി, പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, അഴൂര്‍, കഠിനംകുളം, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ വിജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS