ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

15

സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മീഷന്റെ എക്സിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിന് ഉത്തരവുകൾ നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാനുള്ള വകുപ്പുകളുടെ കാലതാമസം ഒഴിവാക്കണം. വിദ്യാഭ്യാസത്തിനുളള കുട്ടികളുടെ അവകാശ നിയമവുമായി ബന്ധപ്പെട്ട് പൂജപ്പുര എസ്. സി. ഇ. ആർ.ടി ഓഡിറ്റോറിയത്തിൽ നടന്ന കർത്തവ്യവാഹകരുടെ സംസ്ഥാനതല യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

രണ്ട് അദ്ധ്യായന വർഷങ്ങളിലെ സ്‌കൂൾ ജീവിതം നഷ്ടപ്പെട്ട കുട്ടികളാണ് നവംബർ ഒന്നിന് വിദ്യാലയങ്ങളിലെ ത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് വ്യത്യസ്തമായ പ്രശ്നങ്ങളാണ് അവർ അഭിമുഖീകരിച്ചത്. ശാരീരിക-മാനസിക ബുദ്ധിമുട്ട് അനുഭവിച്ചവർ, മൊബൈൽ ഉപയോഗത്തിന്റെ സമ്മർദ്ദത്തിന് ഇടയായവർ, ഓൺലൈൻ പഠനത്തിൽ ശ്രദ്ധ നൽകാൻ കഴിയാത്തവർ, പഠന രംഗത്തു നിന്ന് വേറിട്ട് പോയവർ, വിദ്യാലയാന്തരീക്ഷം ഇതുവരെ ലഭിക്കാത്തവർ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ടവരാണ് അവർ. അതിനാൽ സ്‌കൂൾ തുറക്കുമ്പോൾ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ ശിശു-സൗഹൃദാന്തരീക്ഷത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ, കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലെ ഇടപെടലുകൾ എന്നിവ പ്രാധാന്യം അർഹിക്കുന്നു.

സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ, കുട്ടികൾ നേരിടാനിടയുളള മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ, എങ്ങനെ അക്കാദമിക് പരിസരവുമായി ബന്ധപ്പെടുത്തി ശിശു സൗഹൃദപരമായി ആസൂത്രണം ചെയ്യാം എന്നതു സംബന്ധിച്ച് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം വിശദമായി ചർച്ച ചെയ്തു. മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹ്യ ചുറ്റുപാടുകളും കുട്ടികൾക്ക് നൽകാൻ സ്‌കൂൾതല സുരക്ഷാ സമിതികൾ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, കുട്ടികൾക്ക് ഗുണനിലവാരമുളള വിദ്യാഭ്യാസം, സുരക്ഷ, അവകാശ സംരക്ഷണം തുടങ്ങിയവ ഉറപ്പു വരുത്തണം.

ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നതും പ്രത്യേക പരിഗണന ലഭിക്കേണ്ടതുമായ കുട്ടികൾ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ എന്നിവരുടെ അവകാശം ഉറപ്പു വരുത്തണം. കോവിഡ്-19 വിദ്യാലയാന്തരീക്ഷത്തിൽ വരുത്തിയ പ്രതിസന്ധി പഠന വിധേയമാക്കി പരിഹാര നടപടി ഉറപ്പാക്കണം. സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുന:സ്ഥാപിക്കണം. സ്‌കൂൾ അന്തരീക്ഷത്തിലേക്ക് കുട്ടികൾ മടങ്ങി വരുന്ന നിലവിലെ സാഹചര്യത്തിൽ വിദ്യാലയ പഠനാന്തരീക്ഷത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കുട്ടികൾ പൂർണ്ണമായും തിരികെ എത്തുന്നുണ്ടോ എന്ന് വിലയിരുത്തി തുടർ നടപടി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

NO COMMENTS