അതിവേഗ നിർമ്മാണ പ്രവർത്തനങ്ങളുമായി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കുതിക്കുന്നു

86

കാക്കനാട്: വെളളക്കെട്ടില്‍ നിന്നും കൊച്ചി നഗരത്തെ മോചിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പുരോഗമിക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് നഗരത്തിന്റെ ശോഭനമായ ഭാവി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കീഴില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെയും അറ്റകുറ്റ പ്പണികളും നവീകരണങ്ങളും നടത്താതെയും കാലങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ ഏകീകൃത സംവിധാനത്തിന് കീഴില്‍ ഗുണനിലവാരമുറപ്പ് വരുത്തി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാവുകയാണ്.

ജനപങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പുരോഗമി ക്കുന്നത്. ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളും ജില്ലാ കളക്ടര്‍ എസ്. സുഹാസ് നേരിട്ടെത്തി പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് നടത്തുന്നത്. 9.67 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇതുവരെ അനുമതി നൽകിയത്.

നഗരത്തിന്റെ ജീവനാഡികളായിരുന്ന വിവിധ തോടുകളെ അവയുടെ ഗതകാല പ്രൗഢിയിലേക്ക് ഉയര്‍ത്തുന്നതിനാ യുള്ള സമഗ്രമായ കര്‍മ്മ പദ്ധതിയാണ് ബ്രേക്ക് ത്രൂവിലൂടെ നടപ്പിലാകുന്നത്. പേരണ്ടൂര്‍ കനാല്‍, കാരണക്കോടം തോട്പു, പുഞ്ചത്തോട് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ത്രൂവിന് കീഴില്‍ പുരോഗമിക്കുകയാണ്. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ഇവയിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കും. ഇവയിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള വിവിധ കാനകളുടെ വലിപ്പക്കുറവും അറ്റകുറ്റപണികളും നിര്‍മ്മാണങ്ങളും അതിവേഗം നടന്നുവരികയാണ്.

തോടുകളിലേക്കും കാനകളിലേക്കും തുറന്ന് വെച്ച മാലിന്യകുഴലുകള്‍ അടപ്പിച്ചാണ് ഇവയുടെ പണി പൂര്‍ത്തീ കരിക്കുന്നത്. കൊച്ചിയുടെ വെള്ളക്കെട്ടിനും മറ്റ് മലിനീകരണ പ്രശ്‌നങ്ങള്‍ക്കും ഇതോടെ ശാശ്വത പരിഹാരമാവും. 65 കോടി രൂപ മുതല്‍ മുടക്കില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബ്രേക്ക് ത്രൂവില്‍ 202 പ്രവൃത്തികളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം ഗുണമേന്മ ഉറപ്പാക്കാന്‍ ശ്ക്തമായ സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ്.

ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണം ആരംഭിച്ച 36 പ്രവൃത്തികളില്‍ പ്രധാനമായും തോടുകളുടെയും കാനകളുടെയും നവീകരണവും നിര്‍മ്മാണവുമാണ്. വെള്ളക്കെട്ടിന് കാരണമാകുന്ന റെയില്‍വേയുടെ കീഴിലുള്ള വിവിധ കാനകളുടെ നവീകരണവും പുതിയവയുടെ നിര്‍മ്മാണവും നിലവിലുള്ള ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിപുലീകരണവും എടുത്ത് പറയേണ്ടതാണ്. റെയില്‍വേയുടെ കീഴില്‍ വരുന്ന വിവിധ പ്രദേശങ്ങളിലെ കാനകളുടെ നവീകരണവും മറ്റ് നിര്‍മ്മാണ പ്രവൃത്തികളും ഏറെ തടസ്സം നിറഞ്ഞതായിരുന്നു. ദുരന്തനിവാരണ നിയമത്തിന്റെ അടിസഥാനത്തില്‍ ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തടസ്സങ്ങള്‍മാറി ഈ മേഖലയിലെയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുകയാണ്.

കളക്ടറേറ്റില്‍ പി.ആര്‍.ഡി മീഡിയ സെന്റെറിലാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് കീഴിലെ ഓരോ പ്രവര്‍ത്തനങ്ങളും നിരന്തരം നിരീക്ഷിക്കുയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും സെല്ലില്‍ നിന്നാണ്. വിവിധ വകുപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ നോഡല്‍ ഓഫീസറായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള കര്‍മ്മസേനയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. മാര്‍ച്ച് 31നകം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.

date

NO COMMENTS