ഭക്ഷ്യ സുരക്ഷ ; സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ്

50

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷസുരക്ഷാ മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേ ണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വിൽപന നടത്തുന്നവർ, പെറ്റി റീടെയ്‌ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താല്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്.

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്ന ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 വകുപ്പ് 63 പ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതാണ്. ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും.

ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെ നടപടികൾ സ്വീകരിക്കും. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്.

ഭക്ഷണം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ അടച്ചുപൂട്ടൽ നടപടി നേരിടുന്ന സ്ഥാപനങ്ങൾ ലൈസൻസ് നേടുകയോ നിയമപരമായി ലൈസൻസിന് പൂർണമായ അപേക്ഷ സമർപ്പിച്ചു മാത്രമേ തുറന്നു കൊടുക്കാൻ നടപടികൾ സ്വീകരിക്കുകയുള്ളൂ.

NO COMMENTS

LEAVE A REPLY