കരവിരുതിന്റെ കൈയൊപ്പുമായി വസന്തോത്സവത്തിലെ ‘ ഊരൂകൂട്ടം ‘

207

ആദിവാസികളുടെ കരവിരുതിന്റെ കൈയൊപ്പുള്ള ഊരുകൂട്ടം സ്റ്റാൾ വസന്തോത്സവത്തിൽ പുതുമയാകുന്നു. വാമനപുരം ബ്ലോക്കിലെ പെരിങ്ങമല കൃഷിഭവന്റെ നേതൃത്വത്തിലാണ് ‘ഊരുകൂട്ടം’ എന്ന പേരിൽ കരകൗശല, അലങ്കാര വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ആദിവാസികളിൽനിന്നു കരകൗശല വസ്തുക്കൾ ശേഖരിക്കുകയും ഇവയ്ക്ക് വിപണി കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഊരുകൂട്ടം പദ്ധതിയിലൂടെ കൃഷിവകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. കരകൗശല വസ്തുക്കൾക്കു ലഭിക്കുന്ന ന്യായവില ആദിവാസികൾക്കുതന്നെ നൽകാൻ കഴിയുന്നുവെന്നതും ഊരുകൂട്ടത്തിന്റെ പ്രത്യേകത.

വൈവിധ്യമാർന്ന കരകൗശല വസ്തുക്കളാണ് വസന്തോത്സവത്തിലെ ഊരുകൂട്ടം സ്റ്റാളിലുള്ളത്. വാഴനാരുകൊണ്ടുള്ള ബാഗുകൾ, അലങ്കാര വസ്തുകൾ എന്നിവ ഏവരുടേയും മനംമയക്കുന്നതാണ്. പ്രായഭേദമന്യേ ഏവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി കൗതുക വസ്തുക്കൾ സ്റ്റാളിലുണ്ട്.

തനതായ ഗോത്ര ശൈലിയിലാണ് ഉത്പന്നങ്ങളുടെ നിർമിതിയെങ്കിലും കാലത്തിനൊത്ത പുതുമനിലനിർത്തുന്നവയാണ് ഓരോ ഉത്പന്നങ്ങളും. ഈറ്റ, മുള, ചിരട്ട തുടങ്ങിയവയകൊണ്ടുള്ള വിവിധയിനം കരകൗശല വസ്തുക്കൾ വാങ്ങാൻ വലിയ തിരക്കാണ് ഇവിടെ. മുളനാഴി, മുളയരി, പനയോലയിൽ തീർത്ത വശ്യമായ അലങ്കാര വസ്തുക്കൾ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെ. വിവിധ തരം തേനുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. കാന്താരി തേൻ, വെളുത്തുള്ളി തേൻ, മുരിങ്ങ തേൻ, മഞ്ഞൾ തേൻ തുടങ്ങിയവക്ക് ആവശ്യക്കാർ ഏറെയാണ്.

വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കുമുള്ള ലേഹ്യങ്ങളും ഇവിടെ ലഭ്യമാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാട്ടറിവുകളെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ആദിവാസി കുലത്തൊഴിലുകളെ സംരക്ഷിക്കുകയും കൃത്യമായ വേതനം ഉറപ്പാക്കുകയുമാണ് കൃഷിവകുപ്പിന്റെ ഊരുകൂട്ടം പദ്ധതിക്കു പിന്നിലെ പ്രചോദനം.

NO COMMENTS