മന്ത്രി ഗോളടിച്ചു പിന്നാലെ കുട്ടികളും ; വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയിൽ തുടക്കം

24

ലോകകപ്പ് ഫുട്ബോൾ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുൻനിർത്തിയുള്ള വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് തിരുവനന്ത പുരം ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ ഗോളടിച്ചു. കൂടെ ഇരട്ടി ആവേശത്തോടെ എസ്.എം.വി ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും മന്ത്രിക്കൊപ്പം ചേർന്നു.

ലോകകപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനും ലഹരിവിരുദ്ധ സന്ദേശം കൂടുതൽ പേരിലെത്തിക്കുന്നതിനുമായാണ് ‘എന്റെ സ്പോർട്സ് എന്റെ ലഹരി’ എന്ന ടാഗ് ലൈനോടെ വൺ മില്ല്യൺ ഗോൾ ക്യാമ്പയിൻ ആരംഭിച്ചത്. കായിക യുവജന കാര്യാലയവും കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായാണ് ക്യാമ്പ യിൻ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോൾ പരിശീലനം നൽകും. 1000 കേന്ദ്രങ്ങളിലായി 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് 10 ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നൽകുന്നത്.

ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേർന്നാണ് ഗോളുകൾ അടിക്കുക. നവംബർ 11 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ വൺ മി്ല്ല്യൺ ഗോൾ ക്യാമ്പയിൻ നടക്കും. തിരുവനന്തപുരം എസ്.എം.വി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ, ജില്ലാതല ഗോൾ പദ്ധതി അംബാസിഡർ വി.പി ഷാജി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ് എ എന്നിവർ പ്രസംഗിച്ചു.

NO COMMENTS