മനുഷ്യനായി വളരേണം…..മനുഷ്യത്വമുള്ളവനായി വളരേണം. അതാകട്ടെ, നിന്റെ മതം…

300

കുട്ടികൾ വളരേണ്ടത് ബോബനും മോളിയും ബാലരമയും ടോട്ടോച്ചാനും വായിച്ചാണ്. ജെറിയുടെ സൈഡിൽ നിൽക്കുമ്പോഴും ടോമിനോട് സിമ്പതി തോന്നിയാണ് അവൻ വളരേണ്ടത്. എങ്കിൽ മാത്രമേ അവനൊരു മനുഷ്യനാകാൻ കഴിയൂ. കഥകളുടെയും കവിതയുടെയും സംഗീതത്തിന്റെയും സിനിമയുടെയും നാടകത്തിന്റെയും ലോകത്ത് വിവേകമുള്ളവനായി വളരണം.

“സ്വർഗരാജ്യം കാണിച്ചു തരാം” എന്നു പറഞ്ഞു വരുന്നവനോട് “തീവ്രവാദമൊക്കെ കോമഡിയല്ലേ ചേട്ടാ” എന്നു തിരിച്ചു ചോദിക്കാനും ആലീസിന്റെ അത്ഭുത ലോകം കാണിച്ചു തരാൻ പറ്റുമോയെന്നു ചോദിക്കാനും അവനു കഴിയണം.

വിശുദ്ധ യുദ്ധം പറഞ്ഞു വരുന്നവനോട് “ലോകത്ത് യുദ്ധമില്ലാതാവണങ്കിൽ സർവർക്കും വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല” എന്ന ബഷീറിയൻ തത്വം പറഞ്ഞു കേൾപ്പിക്കണം.

പെരുന്നാളിന് കസവു മുണ്ട് ഉടുക്കാമോ എന്നു ചോദ്യം ചെയ്യുന്നവനോട് “ആണുങ്ങളെ പോലെ ഇങ്ങനെ മടക്കി കുത്താനും അറിയാം” എന്ന ഡയലോഗ് പറയാൻ കഴിയണം.

ഓണവും വിഷുവും ക്രിസ്മസും ആഘോഷിക്കുന്നത് തെറ്റല്ലേ എന്നു ചോദിക്കുന്നവരോട് “കാലമിനിയുമുരുളും…
വിഷു വരും വര്‍ഷം വരും
പിന്നെയോരോ തളിരിന്നും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും എന്തെന്നും
ആര്‍ക്കറിയാം” എന്നു ചൊല്ലിക്കേൾപ്പിക്കണം.

വായിച്ചും എഴുതിയും കളിച്ചും ചോദ്യങ്ങൾ ചോദിച്ചും വളരുക.
മനുഷ്യനായി വളരേണം…..മനുഷ്യത്വമുള്ളവനായി വളരേണം.
അതാകട്ടെ, നിന്റെ മതം…