ഇന്ന് അത്തം, തിരുവോണ നാളിലേക്ക് ഇനി പത്തുനാള്‍

297

ഇന്ന് അത്തം. തിരുവോണനാളിലേക്ക് ഇനി പത്ത് നാള്‍. ഓണാഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും. ചിങ്ങത്തിലെ അത്തനാളില്‍ തുടങ്ങുന്ന ആഘോഷം തിരുവോണനാളില്‍ എത്തി ചതയത്തില്‍ അവസാനിക്കും.
മുക്കുറ്റിയും തുമ്ബയും അങ്ങിങ്ങ് മാത്രം കാണാന്‍ കഴിയുന്ന കാലത്ത് ചാണകമെഴുകിയ പൂത്തറകളില്‍ നിന്ന് പൂക്കളങ്ങള്‍ വീടിന്റെ കോലായില്‍ നിറയുന്നു. പൂക്കളമിടുന്നതിന് പലയിടങ്ങളിലും പ്രത്യേക ക്രമമുണ്ട്. ആദ്യ ദിനം തുമ്ബ മാത്രം. പിന്നീടുളള ദിനങ്ങളില്‍ പലവിധ പൂക്കള്‍. അതും ഇന്ന് മാറിയിരിക്കുന്നു.
പൂവെ പൊലി പാടി പാടത്തും തൊടിയിലും പൂക്കളിറുക്കുന്ന ഈ കുട്ടികൂട്ടങ്ങളുടെ കാഴ്ചകളിലൂടെയാണ് ചിങ്ങനാളിലെ അത്തം പിറക്കുന്നത്. വേലിയിലും തൊടിയിലും വിരിഞ്ഞ് നില്‍ക്കുന്ന പൂക്കള്‍ കുട്ടികളുടെ കൂടകളിലേക്കെത്തും.ചിങ്ങക്കൊയ്ത്തിന്റെ ആരവകാഴ്ചകള്‍ അന്യമായെങ്കിലും ഓണമിന്നും ലോകമെങ്ങുമുളള മലയാളിക്ക് ഗൃഹാതുരത്വമാണ്. എവിടെയായാലും വിപണിയിലെ പൂക്കള്‍ കൊണ്ട് ഒരു
കുഞ്ഞുപൂക്കളമെങ്കിലും തീര്‍ക്കും. പക്ഷേ പുലര്‍ച്ചെ എഴുന്നേറ്റ് പൂ തേടിയിറങ്ങി ഒത്തൊരുമയോടെ പൂക്കളം തീര്‍ക്കുന്ന നിഷ്കളങ്ക ബാല്യത്തിന്റെ കാഴ്ചയാണ് നാട്ടിന്‍പുറങ്ങളില്‍ ഇന്നും ഓണം.

NO COMMENTS

LEAVE A REPLY