കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയ പദ്ധതി തയാറാക്കുന്നതായി വെളിപ്പെടുത്തല്‍

183

സോള്‍ • ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയ പദ്ധതി തയാറാക്കുന്നതായി വെളിപ്പെടുത്തല്‍. ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി തന്നെയാണ് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. പദ്ധതി നടപ്പാക്കാന്‍ പ്രത്യേക സേനയേയും നിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ശത്രുരാജ്യത്തെ ആയുധസംവിധാനങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും നേതാവിനെയും നശിപ്പിക്കാന്‍ പദ്ധതിയും മാര്‍ഗങ്ങളുമുണ്ടെന്ന് ഒരു ചോദ്യത്തിനുത്തരമായി പ്രതിരോധ മന്ത്രി ഹാന്‍ മിന്‍ കൂ പറഞ്ഞു.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം 2016 ല്‍ ഏറെ വഷളായിരുന്നു. ഉത്തരകൊറിയ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയതാണ് ഇതിന്റെ പ്രധാന കാരണം.ദക്ഷിണ കൊറിയയെ പലവട്ടം ആക്രമിക്കാന്‍ ഉത്തര കൊറിയ ശ്രമിച്ചിരുന്നെങ്കിലും മേഖലയിലെ യുഎസ് സ്വാധീനം മൂലമാണ് അതു നടക്കാതെ പോയത്.ഉത്തര കൊറിയ നിരന്തരം നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ രാജ്യാന്തര നിയമങ്ങള്‍ക്കും യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തിനും എതിരാണെന്നു ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി യുഎന്നില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തര കൊറിയന്‍ തലവനെ വധിക്കാന്‍ പദ്ധതിയിട്ടതായി ദക്ഷിണ കൊറിയ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ആണവ പോര്‍മുന ഘടിപ്പിച്ച യുഎസ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ ഉത്തര കൊറിയന്‍ അതിര്‍ത്തിക്കു മുകളിലൂടെ പറന്നിരുന്നു. ദക്ഷിണ കൊറിയയ്ക്കു പിന്തുണയുണ്ടെന്നു വ്യക്തമാക്കാനായിരുന്നു യുഎസിന്റെ ഈ നീക്കം.

NO COMMENTS

LEAVE A REPLY