അബ്ദുള്‍ അസീസിന്റെ മരണത്തില്‍ അനാവശ്യ ആശങ്ക വേണ്ട – ആരോഗ്യമന്ത്രി കെ കെ ശൈലജ.

134

തിരുവനന്തപുരം :തിരുവനന്തപുരം സ്വദേശി അബ്ദുള്‍ അസീസിന്റെ മരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായും തലസ്ഥാനത്തു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് എല്ലാ കൊവിഡ് രോ​ഗികളുടേയും ചികിത്സ നാം നിശ്ചയിച്ചിട്ടുള്ളത്. പ്രായമുള്ളവരിലും ഹൃദയസംബന്ധമോ പ്രമേഹമോ അടക്കം അനുബന്ധരോ​ഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് രോ​ഗം മരണകാരണമാവുന്ന അവസ്ഥയുണ്ട്. ഇതു കൊണ്ടാണ് പ്രായമായ ആളുകള്‍ ഈ കാലയളവില്‍ വീടുകളില്‍ തന്നെ കഴിയണം എന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രായമേറിയ ആളുകളാണ് പല ലോകരാജ്യങ്ങളിലും പെട്ടെന്ന് മരിച്ചത്.

ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച രണ്ട് പേര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ​ഗള്‍ഫില്‍ നിന്നും വന്ന മകനുമായും മറ്റും ഇദ്ദേഹം സംസാരിച്ചിരുന്നതായി വിവരമുണ്ട്. വളരെ മോശം രോ​ഗാവസ്ഥയില്‍ അസീസ് എത്തിയ ശേഷമാണ് കൊവിഡ് രോ​ഗത്തിനുള്ള സാധ്യത സംശയിക്കുന്നതും അദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചതും അവിടേക്ക് കൊണ്ടു വരുമ്ബോള്‍ തന്നെ അദ്ദേഹത്തിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു. അതിനാല്‍ അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അസീസ് മരണപ്പെട്ട സ്ഥിതിക്ക് ഇനി അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് നാം ശ്രമിക്കുന്നത്.

അസീസിന് രോ​ഗം വന്നത് സമ്പർക്കത്തിലൂടെയാണ് എന്നാണ് പ്രാഥമിക നി​ഗമനം. എന്തായാലും അസീസിന്‍്റെ മകന്‍ മാര്‍ച്ച്‌ പത്തിന് മുന്‍പേ നാട്ടിലെത്തി എന്ന വിവരമുണ്ട്. പതിനാല് ദിവസമാണ് കൊവിഡ് രോ​ഗത്തിന്റെ നിരീക്ഷണകാലയളവായി നമ്മള്‍ പറയുന്നത്. എന്നാല്‍ ലോകാരോ​ഗ്യസംഘടനയും ചില ​ഗവേഷകരും പറയുന്നത് ശരീരത്തിലെത്തിയാലും പൂജ്യം മുതല്‍ 27 ദിവസം വരെ വൈറസ് ശരീരത്തില്‍ പടരാന്‍ വേണ്ടി വരും എന്നാണ്. കൊവിഡ് രോ​ഗികളുമായി അടുത്തു പെരുമാറിയവര്‍ മാത്രം നിലവില്‍ സ്വയം നിരീക്ഷണത്തിന് വിധേയരായാല്‍ മതി അല്ലാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.

തിരുവനന്തപുരം രാജീ​വ് ​ഗാന്ധി ബയോ ടെക്നോളജി സെന്‍്റര്‍ വികസപ്പിച്ചെടുത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റിന്‍്റെ ട്രയല്‍ റണ്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇതിന്റെ പ്രാഥമിക പരിശോധനഫലം ഐസിഎംആറിന് അയച്ചു നല്‍കി അവര്‍ അതു പരിശോധിച്ച്‌ അം​ഗീകരിച്ചാല്‍ മാത്രമേ റാപ്പിഡ് ടെസ്റ്റ് വ്യാപകമായി തുടങ്ങാനാവൂ. ഇതു കൂടാതെ വ്യവസായ വകുപ്പ് നേരിട്ടും വിവിധ കമ്ബനികളെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് വ്യാപകമായി റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

റാപ്പിഡ് ടെസ്റ്റുകള്‍ കിട്ടിയാലും അവ കൃത്യമായ വിവരം നല്‍കണം എന്നില്ല. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ ആദ്യത്തെ മൂന്ന് മുതല്‍ അഞ്ച് ദിവസം റാപ്പിഡ് ടെസ്റ്റിലൂടെ വൈറസ് ബാധ തിരിച്ചറിയാന്‍ സാധിച്ചു എന്നു വരില്ല. ചില സാഹചര്യത്തില്‍ തുടര്‍ച്ചയായി റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുകയും വേണ്ടി വരും എന്തായാലും ഇതിനായുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ ത്വരിത ​ഗതിയില്‍ മുന്നോട്ട് പോകുകയാണ്.

രോഗവ്യാപനം സംബന്ധിച്ചോ സമ്ബര്‍ക്കത്തിലുള്ളവരെ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ രോഗിയില്‍ നിന്നും തേടാന്‍ സാധിച്ചിരുന്നില്ല. മോശം ആരോഗ്യവാസ്ഥയിലാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഈ ഘട്ടത്തില്‍ ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചില്ലെന്നും കേരളത്തിൽ കോവിഡ് മരണം തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തിയിരുന്നതായും എന്നാല്‍ മരണപ്പെട്ടവർക്ക് പ്രായവും ഹൃദ്രോഗവും മറ്റു ചില അനുബന്ധ രോഗങ്ങളും ഉണ്ടായിരുന്നത് തിരിച്ചടിയായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

NO COMMENTS