കൊട്ടിക്കലാശം വേണ്ട – ജാഥയും ഒഴിവാക്കണം

15

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആൾക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവർത്തനങ്ങ ളിൽനിന്ന് ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങൾ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സ്ഥാനാർഥികൾ തയാറാകണമെന്നു കളക്ടർ പറഞ്ഞു. ഭവന സന്ദർശനത്തിൽ പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം ഭവന സന്ദർശനം നടത്തേണ്ടത്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങൾ നടത്തുന്നതിനു മുൻപ് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും കളക്ടർ പറഞ്ഞു.

കോവിഡ് പ്രതിരോധവും പ്രചാരണമാക്കണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രതിരോധത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ ബോധവ്തകരണം നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചു. വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തിൽ ഉൾപ്പെടുത്തണം. സ്ഥാനാർഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല എന്നിവ നൽകിയുള്ള സ്വീകരണം പാടില്ലെന്നും കളക്ടർ വ്യക്തമാക്കി.

സ്ഥാനാർഥിക്കു കോവിഡ് സ്ഥിരീകരിച്ചാൽ

സ്ഥാനാർഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരികയോ ചെയ്യുന്നപക്ഷം ഉടൻ പ്രചാരണ രംഗത്തുനിന്നു മാറിനിൽക്കണം. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം പൂർണമായി ഒഴിവാക്കണം. റിസർട്ട് നെഗറ്റിവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം മാത്രമേ തുടർ പ്രവർത്തനം പാടുള്ളൂ – കളക്ടർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസർമാരുടെ കാര്യാലയങ്ങളിലും മറ്റ് ഓഫിസുകളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിലെത്തുന്ന പൊതുജനങ്ങളും ഇക്കാര്യങ്ങൾ പാലിക്കാൻ സന്നദ്ധരാകണമെന്നും കളക്ടർ അഭ്യർഥിച്ചു.

ബ്ലോക്ക് ലെവൽ ട്രെയിനർമാർക്കു പരിശീലനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബ്ലോക്ക് ലെവൽ ട്രെയിനർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പരിശീലനം ഇന്നു രാവിലെ 10നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ലെവൽ ഓഫിസർമാർ കൃത്യസമയത്തു പരിശീലനത്തിനെത്തണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.

NO COMMENTS