നിതീഷ് കടാര വധക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

227

ന്യൂഡല്‍ഹി• നിതീഷ് കടാര വധക്കേസില്‍ യുപിയിലെ രാഷ്ട്രീയ നേതാവ് ഡി.പി.യാദവിന്റെ മകന്‍ വികാസും ബന്ധു വിശാലും 25 വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി. വാടകക്കൊലയാളി സുഖ്ദേവ് പഹല്‍വാന്‍ 20 വര്‍ഷവും തടവ് അനുഭവിക്കണം. നേരത്തേ, ഡല്‍ഹി ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊലപാതക കുറ്റത്തിന് 25 വര്‍ഷം തടവും തെളിവു നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവും അനുഭവിക്കണമെന്നു വിധിച്ചിരുന്നു. ഈ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നാണു പുതിയ വിധി.ഇതോടെ വികാസിനും വിശാലിനും 25 വര്‍ഷം വീതം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. കേസില്‍ ഇളവുകളില്ലാത്ത 25 വര്‍ഷത്തെ തടവും തെളിവുകള്‍ നശിപ്പിച്ചതിന് അഞ്ചു വര്‍ഷത്തെ തടവുമാണ് ഹൈക്കോടതി വിധിച്ചത്.വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കടാരയുടെ മാതാവ് നീലം നല്‍കിയ ഹര്‍ജിയും അന്നു കോടതി തള്ളിയിരുന്നു.2002 ഫെബ്രുവരി 16നു രാത്രിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനും ബിസിനസുകാരനുമായ നിതീഷ് കടാര കൊല്ലപ്പെട്ടത്. ഡി.പി.യാദവിന്റെ മകള്‍ ഭാരതിയുമായി നിതീഷ് പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം അംഗീകരിക്കാനാവാതെ നിതീഷിനെ തട്ടിക്കൊണ്ടുപോയി സുഖ്ദേവിന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണു കേസ്.ഗാസിയാബാദിലെ ഒരു കനാലില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അന്ന് സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന യാദവിന്റെ ശക്തമായ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് കേസ് അന്വേഷണം വഴിമുട്ടുന്നതായി ആരോപിച്ചു നീലം നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്കു മാറ്റിയത്.