ന്യൂഡല്‍ഹി: ദില്ലിയിൽ ഓടുന്ന ബസിൽ നിർഭയയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മൂന്നംഗ ബഞ്ചിലെ രണ്ടു ജഡ്ജിമാർ വെവ്വേറെ വിധി പ്രസ്താവം നടത്തും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്കായിരിക്കും വിധി പുറപ്പെടുവിക്കുക. 2012 ഡിസംബർ പതിനാറിന് രാത്രി ഓടുന്ന ബസിൽ പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത സംഭവത്തിൽ ആറു പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതി രാംസിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ മൂന്നുവർഷം ദുർഗുണപരിഹാര പാഠശാലയിൽ പാർപ്പിക്കാൻ ഉത്തവിട്ടു. മറ്റു നാലു പേർക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു. ദില്ലി ഹൈക്കോടതി ഈ വിധി ശരിവച്ചു. ഇതിനെതിരെ സുപ്രീം കോടതിയിൽ നല്‍കിയ ഹർജിയിൽ 19 മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്.
ജസ്റ്റിസുമാരായ ദീപ്ക മിശ്ര, വി ഗോപാല ഗൗഡ, കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ആദ്യം കേസ് കേട്ടത്. പിന്നീട് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബഞ്ചിലേക്ക് കേസ് പിന്നീട് മാററി. മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രൻ, സഞ്ജയ് ഹെഗ്ഡെ എന്നിവരെ കേസിൽ കോടതിയെ സഹായിക്കാനുള്ള അമിക്കസ് കൂറിമാരായി നിയമിച്ചു. ദില്ലി പോലീസ് തെളിവുകൾ കെട്ടിച്ചമച്ചു എന്ന് അഭിഭാഷകനായ എംഎൽ ശർമ്മ വാദിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന വാദം അമിക്കസ് കൂറി രാജു രാമചന്ദ്രൻ ഉന്നയിച്ചു. തെളിവുകളുടെ വിശ്വാസ്യത മറ്റൊരു അഭിഭാഷകനായ സഞ്ജയ് ഹെഡ്ടെ ചോദ്യം ചെയ്യുകയും ചെയ്തു. വിചാരണ കോടതി നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന വാദത്തെ തുടർന്ന് കോടതി വിധിപ്രസ്താവത്തെ്കുറിച്ച് വീണ്ടും വാദം കേട്ടു. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ആർ ഭാനുമതിയും വെവ്വേറെ വിധിപ്രസ്താവങ്ങൾ നടത്തും എന്നാണ് കോടതി രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായകമായി മാറി നിർഭയവധത്തെ തുടർന്നുള്ള ജനരോഷവും ദില്ലിയിലെ റയ്സീനാ കുന്ന് സാക്ഷ്യം വഹിച്ച പ്രക്ഷോഭവും അഞ്ചുവർഷത്തിനു ശേഷമുള്ള അന്തിമ വിധി നിതീന്യായ ചരിത്രത്തിലും സുപ്രധാന നാഴികക്കലാക്കുമോ എന്നറിയാൻ ഉച്ചവരെ കാത്തിരിക്കാം.